പേരൂരില്‍ കൃഷിയിറക്കാന്‍ കര്‍ഷകര്‍; വിളവെടുക്കാന്‍ ആനയും പന്നിയും
നടവയല്‍: 'കാട്ടാനയും കാട്ടുപന്നിയും നെല്‍ക്കൃഷി അപ്പാടെ നശിപ്പിച്ചു. ഇത്തവണ കഞ്ഞിവയ്ക്കണമെങ്കില്‍ അരി പുറത്തുനിന്നു വാങ്ങണം. അല്ലാതെ ഒരു ഗതിയുമില്ല. വന്യജീവികള്‍ക്ക് ചവിട്ടിയും തിന്നും നശിപ്പിക്കുന്നതിനായി മാത്രം കൃഷിയിറക്കുന്നതെന്തിനെന്ന് ചിന്തിക്കുമ്പോള്‍ ഉരുകുകയാണ് ഉള്ളം'- പൂതാടി പഞ്ചായത്തിലെ പേരൂര്‍ വയലില്‍ പ്രതീക്ഷകളോടെ കൃഷിയിറക്കിയ കുറിച്യാത്ത് ഷാജിയുടേതാണ് ഈ വാക്കുകള്‍. വന്യജീവികള്‍ മൂലമുള്ള കൃഷിനാശം ഷാജിയുടെ മാത്രം അനുഭവമല്ല.
അത്രയ്ക്ക് രൂക്ഷമാണ് നടവയല്‍ മേഖലയില്‍ വന്യജീവി ശല്യം. ഭക്ഷ്യവിളകള്‍ എന്തുനട്ടാലും ഒന്നും കിട്ടില്ല എന്നതാണ് സ്ഥിതി. ആനയും പന്നിയും കുരങ്ങും കൂട്ടമായി എത്തി വിളവെടുപ്പ് നടത്തുന്നത് നോക്കിനില്‍ക്കാനേ കര്‍ഷകര്‍ക്ക് കഴിയുന്നുള്ളൂ.
പേരൂരിനു പുറമേ വനാതിര്‍ത്തി ഗ്രാമങ്ങളായ നെയ്ക്കുപ്പ, ചീങ്ങോട് പ്രദേശങ്ങളിലും കൊടിയ നാശമാണ് വന്യജീവികള്‍ വരുത്തുന്നത്. രാപകല്‍ വ്യത്യാസമില്ലാതെയാണ് നാട്ടിലേക്കുള്ള കാട്ടുമൃഗങ്ങളുടെ വരവും പോക്കും. വമ്പിച്ച കൃഷിനാശം ശ്രദ്ധയില്‍പ്പെട്ടിട്ടും വന്യജീവികളുടെ കാടിറക്കത്തിനു തടയിടാന്‍ വനം വകുപ്പിനു കഴിയുന്നില്ല. പേരൂര്‍ വയലിനോടു ചേര്‍ന്ന് വനാതിര്‍ത്തിയില്‍ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച കരിങ്കല്‍ ഭിത്തിയുടെ ഗുണം കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. ഭിത്തി മറികടന്നാണ് ആന ഉള്‍പ്പെടെ മൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ എത്തുന്നത്.
പരമ്പരാഗത വിദ്യകളുടെ പ്രയോഗം വന്യജീവികളെ കൃഷിയിടങ്ങളില്‍നിന്നു തുരത്താന്‍ പര്യാപ്തമാകുന്നില്ല. രാത്രി കാവല്‍മാടങ്ങളില്‍ നിദ്രവെടിഞ്ഞ് പാട്ട കൊട്ടുന്നതും പടക്കം പൊട്ടിക്കുന്നതും കൂവി വിളിക്കുന്നതും വെറുതെയാകുകയാണ്.
മനുഷ്യസാന്നിധ്യവും ശബ്ദങ്ങളും വന്യജീവികളെ അലോസരപ്പെടുത്തുന്നതേയില്ല. ഇതൊക്കെ എത്ര കേട്ടിരിക്കുന്ന എന്ന മട്ടിലാണ് കൃഷിയിടങ്ങളില്‍ അവയുടെ വിഹാരം.
കഴിഞ്ഞ ദിവസം പേരൂരില്‍ ഇറങ്ങിയ ആന കുറിച്യാത്ത് ഷാജി, കോയിക്കാട്ടില്‍ ജോസ്, മനോജ് ഏങ്ങപ്പിള്ളില്‍, രാവുണ്ണി പേരൂര്‍, തങ്കച്ചന്‍ ഇഞ്ചിക്കാലായില്‍, ബെന്നി കോയിക്കാട്ടില്‍ എന്നിവരുടെ പാടങ്ങളിലും പറമ്പുകളിലും കൃഷിനാശം വരുത്തി. വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം വൈകുന്ന പക്ഷം വനാതിര്‍ത്തി ഗ്രാമങ്ങളില്‍ മനുഷ്യ-മൃഗ സംഘര്‍ഷം രൂക്ഷമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."