റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം: കെ.പി.എസ്.ടി.യു സഹകരിക്കില്ല
തൃക്കരിപ്പൂര്‍: ജനുവരി ആദ്യവാരത്തില്‍ തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ നടത്തിപ്പുമായി കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.യു നിസഹകരിക്കാന്‍ തീരുമാനം. സംഘാടക സമിതിയിലെ പ്രധാന സബ് കമ്മിറ്റിയായ പ്രോഗ്രാം കമ്മറ്റി വിട്ടു നല്‍കാത്തതിനാലാണ് സംഘടന നിസഹകരിക്കുന്നത്. ഇതോടൊപ്പം മാതൃ സംഘടനയായ കോണ്‍ഗ്രസും വിട്ടുനില്‍ക്കും. കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സബ് കമ്മിറ്റി ഭാരവാഹിത്വം ഏറ്റെടുക്കാനും സാധ്യതയില്ല. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ സ്ഥാനം സി.പി.എം അധ്യാപക സംഘടനയായ കെ.എസ്.ടി.എക്ക് വിട്ടുനല്‍കിയതാണ് കെ.പി.എസ്.ടിയുവിനെ ചൊടിപ്പിച്ചത്.
കഴിഞ്ഞ തവണ പ്രോഗ്രാം കമ്മറ്റി കെ.എസ്.ടി.എ എടുത്തതിനാല്‍ ഇത്തവണ പ്രോഗ്രാം കോണ്‍ഗ്രസ് അധ്യാപക സംഘടന ആവശ്യമുന്നയിക്കുകയായിരുന്നു. കഴിഞ്ഞ 17ന് തൃക്കരിപ്പൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന സംഘാടക സമിതി ഇതേതുടര്‍ന്ന് അലങ്കോലമായിരുന്നു. കെ.എസ്.ടി.എ, കെ.പി.എസ്.ടി.യു എന്നിവര്‍ തമ്മില്‍ പ്രോഗ്രാം കമ്മിറ്റിയുടെ പേരില്‍ തര്‍ക്കമെങ്കിലും സംഘാടക സമിതിയില്‍ ലീഗും കോണ്‍ഗ്രസും തമ്മിലാണ് ഉരസലുകള്‍ ഉണ്ടായിരുന്നത്. മറ്റൊരു പ്രധാന സബ് കമ്മിറ്റിയായ ഭക്ഷണം ലീഗ് അധ്യാപക സംഘടനയായ കെ.എസ്.ടി.യുവിന് നേരത്തെ നല്‍കിയിരുന്നു. സംഘാടക സമിതിയില്‍ ബഹളത്തെതുടര്‍ന്ന് ജനറല്‍ കമ്മറ്റിയെ പ്രഖ്യാപിച്ച് പിരിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."