കുടിവെള്ളക്ഷാമം: മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
കൊച്ചി: ജില്ല അഭിമുഖീകരിക്കാന്‍ പോകുന്ന കുടിവെള്ളക്ഷാമം നേരിടാന്‍ നടപടികള്‍ ശക്തമാക്കാന്‍ ജില്ലയുടെ ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉദ്യോഗസ്ഥതല യോഗത്തില്‍ വിവിധ പദ്ധതികളുടെ പുരോഗതിയും കാലതാമസവും പരാതികളും വിശകലനം ചെയ്തു.
സംസ്ഥാനത്തുണ്ടായേക്കാവുന്ന വരള്‍ച്ചയെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണു കാണുന്നത്. അനവധി ജലസ്രോതസുകളുള്ള എറണാകുളം ജില്ലയുടെ കുടിവെള്ളക്ഷാമം നേരിടുന്നതിന് ഭാവിയെ മുന്നില്‍ക്കണ്ട് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കണമെന്നും ഇതു സംബന്ധിച്ച് അടുത്തമാസം ഒരു ചിന്താമണ്ഡലം തന്നെ ചേരണമെന്നും മന്ത്രി നിര്‍ദേശിച്ചു. വികേന്ദ്രീകൃത പദ്ധതികള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. അനുമതി കൊടുക്കാന്‍ കഴിയുന്ന പദ്ധതികള്‍ ഉടന്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.നിര്‍ദേശിക്കപ്പെട്ട പദ്ധതികള്‍ ഡിസംബര്‍ 30ന് മുമ്പ് പൂര്‍ത്തിയാക്കണം.
ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ പിടി. തോമസ്, ആന്റണി ജോണ്‍, അന്‍വര്‍ സാദത്ത് എന്നിവരും സബ്കലക്ടര്‍ ഡോ. അദിലയും പങ്കെടുത്തു. ഹാജരാകാന്‍ കഴിയാതിരുന്ന അനൂപ് ജേക്കബ് എം.എല്‍.എയുടെ നിര്‍ദേശങ്ങള്‍ യോഗത്തില്‍ വായിച്ചു. എം.വി ഐപി, പി.വി ഐ.പി കനാലുകളില്‍ അടിയന്തിരമായി വെള്ളം തുറന്നുവിടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
കളമശേരിയില്‍ വിഭാവന ചെയ്തിരുന്ന 400 കോടിയുടെ കുടിവെള്ള പദ്ധതി അടിയന്തിരമായി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന പി.ടി തോമസ് എം.എല്‍.എയുടെ നിര്‍ദേശം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച് എം.എല്‍.എ മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ വിവിധ വിഷയങ്ങളും അദ്ദേഹം അറിയിച്ചു. കലക്ടറേറ്റ് പരിസരത്തു പോലും മൂന്നുദിവസം കൂടുമ്പോഴാണ് വെള്ളം ലഭിക്കുന്നത്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഇന്‍ഫോപാര്‍ക്ക് സ്മാര്‍ട്ട്‌സിറ്റി മേഖലയിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കൊച്ചി നഗരത്തിലെ മലിനജലം സംസ്‌കരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ഒരു ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം ആവിഷ്‌കരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കോതമംഗലം പുഴയില്‍ വെള്ളം കുറഞ്ഞതിനാല്‍ പെരിയാര്‍ വാലി കനാലിലെ വെള്ളം തിരിച്ചുവിടണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ നിര്‍ദേശിച്ചു. കനാല്‍ വൃത്തിയാക്കിയാല്‍ ഉടന്‍ ഇതിന് നടപടി സ്വീകരിക്കാമെന്ന് ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു. ഇടമലയാര്‍ ഡാമില്‍ വെള്ളം കുറയുന്നത് കുടിവെള്ളക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."