വീടകങ്ങളില്‍ ഒടുങ്ങുന്ന വൃദ്ധജനരോദനങ്ങള്‍
ഓര്‍മകള്‍ മാഞ്ഞുപോയ സ്വന്തം അമ്മയെ ഒരു മകള്‍ പൊതിരെ തല്ലുന്നത് ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് മനഃസാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ നടുക്കത്തോടെയായിരിക്കും കണ്ടിട്ടുണ്ടാവുക. അറിയാതെ കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് അമ്മ കാര്‍ത്ത്യായനിയെ മകള്‍ ചന്ദ്രമതി ചൂലുകൊണ്ടും കൈകൊണ്ടും ക്രൂരമായി മര്‍ദിച്ച് അവശയാക്കിയത്. പയ്യന്നൂരിലെ മാവിച്ചേരിയില്‍ നടന്ന ഈ ദാരുണ സംഭവം പോലുള്ളവ കേരളത്തിലെ പല വീടകങ്ങളിലും പുറത്തറിയാതെ ഒടുങ്ങുന്നുണ്ടാവണം. മകള്‍ അമ്മയെ മര്‍ദിക്കുന്നത് മകന്‍ വേണുഗോപാല്‍ തടയാന്‍ ശ്രമിക്കാതെ മുഴുനീളെ ചിത്രീകരണം നടത്തിയത് മറ്റൊരു ക്രൂരത. കേരളീയ സമൂഹം എങ്ങോട്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്നതിന്റെ സൂചനയാണ് പയ്യന്നൂരില്‍ ഉണ്ടായിരിക്കുന്നത്. പത്തുമാസം വയറ്റില്‍ ചുമന്ന് നൊന്തു പ്രസവിച്ച സ്വന്തം അമ്മയെ അതിനിഷ്ഠുരമാംവിധം ഭേദ്യം ചെയ്യാന്‍ മക്കളെ പ്രേരിപ്പിക്കുന്ന അധമ വികാരത്തെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്. കാരുണ്യം മനുഷ്യരില്‍ ചിലര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് തന്നെയാണിതിനു കാരണം. പകരം സ്വാര്‍ത്ഥയും സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ആര്‍ത്തിയും ഇടം പിടിക്കുകയും ചെയ്യുന്നു. അമ്മയുടെ സ്വത്ത് മുഴുവന്‍ എഴുതി വാങ്ങിച്ചതിന് ശേഷമാണ് മകള്‍ ചന്ദ്രമതി അവരെ കൊല്ലാകൊല ചെയ്യുന്നത്. അന്വേഷിക്കാന്‍ ചെന്ന പൊലിസുകാരന്‍ സൗമ്യമായ ഭാഷയില്‍ കാരണം തിരക്കിയപ്പോള്‍ അവരോടു പോലും ധിക്കാരത്തോടെ മറുപടി പറയുന്ന മകളെ കണ്ടു നടുങ്ങിയിരിക്കും ആ ദൃശ്യം കണ്ടവര്‍.
കേരളത്തിലെ മൊത്തം ജനസംഖ്യയില്‍ പത്തു ശതമാനത്തോളം വൃദ്ധ ജനങ്ങളാണ്. ഇരുപത് ലക്ഷത്തിലധികം വൃദ്ധര്‍ കേരളത്തിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ആരോഗ്യ രംഗത്തുണ്ടായ അഭിവൃദ്ധി അമ്പതുകളിലും അറുപതുകളിലും ജനിച്ചവരുടെ ആയുസ് വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ തന്നെ കേരളത്തില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം ഷോര്‍ട്ട് സ്റ്റേ ഹോമുകളും വൃദ്ധ സദനങ്ങളും പെരുകിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ 14 വൃദ്ധസദനങ്ങളും സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന 350 വൃദ്ധസദനങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. പല വൃദ്ധസദനങ്ങളിലും ഉള്‍കൊള്ളാവുന്നതിലപ്പുറം അന്തേവാസികളെ കുത്തിനിറയ്ക്കുന്നു. മതിയായ പരിചരണവും ഭക്ഷണവും ഇവിടെ അവര്‍ക്ക് ലഭ്യമല്ല. പുറത്തുപറയാന്‍ പറ്റാത്ത ക്രൂരമായ പീഡനങ്ങള്‍ ഇവിടങ്ങളില്‍ വൃദ്ധജനങ്ങള്‍ അനുഭവിക്കുന്നതായാണ് പറയപ്പെടുന്നത്. സ്വത്ത് മുഴുവന്‍ എഴുതിവാങ്ങി മാതാപിതാക്കളെ തെരുവുകളിലും ബസ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന കാലത്ത് വൃദ്ധജനങ്ങളെ പരിപാലിക്കുവാനും അവര്‍ക്ക് മതിയായ ചികിത്സയും പരിചരണവും നല്‍കുവാനും സര്‍ക്കാര്‍ തലത്തില്‍ തന്നെ വിപുലമായ സംവിധാനമൊരുക്കേണ്ടിയിരിക്കുന്നു.
ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായ സമിതിയെ വയോജനങ്ങളെ സംബന്ധിച്ചും വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് അഭിനന്ദനീയം തന്നെ. വീടുകളില്‍ മര്‍ദനങ്ങള്‍ക്കും ഭര്‍ത്സനങ്ങള്‍ക്കും ഇരയായിത്തീരുന്ന മാതാപിതാക്കള്‍ ഇതുസംബന്ധിച്ച് പൊലിസ് കേസെടുത്ത് അന്വേഷിക്കാന്‍ വരുമ്പോള്‍ മക്കള്‍ക്കെതിരേ മൊഴി നല്‍കാന്‍ മടിക്കാറാണ് പതിവ്. ഇതുകാരണം ഇത്തരം കേസുകള്‍ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നു. പയ്യന്നൂരിലും സംഭവിച്ചത് മറ്റൊന്നല്ല. മൊഴിയെടുക്കാന്‍ വന്ന പൊലിസിനോട് കാര്‍ത്ത്യായനി അമ്മ പറഞ്ഞത് താന്‍ മകളുടെ വീട്ടില്‍ സുരക്ഷിതയാണെന്നായിരുന്നു. സ്വന്തം ജീവന്‍ അപകടപ്പെടുമ്പോഴും മക്കളെ മാറോട് ചേര്‍ത്തു പിടിക്കുന്ന മാതാപിതാക്കളുടെ കാരുണ്യത്തിന്റെ ഒരംശമെങ്കിലും മക്കള്‍ അവര്‍ക്ക് തിരികെ നല്‍കിയിരുന്നെങ്കില്‍ കേരളത്തില്‍ ഇന്നുകാണും വിധമുള്ള വൃദ്ധസദനങ്ങള്‍ പെരുകുമായിരുന്നില്ല. സര്‍ക്കാരിനൊപ്പം തന്നെ സന്നദ്ധ സംഘടനകളുടെയും സത്വര ശ്രദ്ധ ഈ വിഷയത്തില്‍ പതിയേണ്ടിയിരിക്കുന്നു. മക്കളുടെ വീടുകളില്‍ അവഗണന ഏറ്റുവാങ്ങി മാറിമാറി താമസിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ അശരണമായ ജീവിതം തെരുവുകളില്‍ ഒടുങ്ങുന്ന ഒരവസരത്തില്‍ ഇത് അനിവാര്യവുമാണ്.
2007ലെ നിയമപ്രകാരം സുരക്ഷ, പാര്‍പ്പിടം, ഭക്ഷണം എന്നിവ മാതാപിതാക്കള്‍ക്ക് നല്‍കാന്‍ മക്കള്‍ ബാധ്യസ്ഥരാണ്. മക്കള്‍ ദത്തെടുക്കപ്പെട്ടവരാണെങ്കില്‍ പോലും. മനുഷ്യരില്‍ ചിലര്‍ സ്വാര്‍ഥഭരികളും കരുണയില്ലാത്തവരുമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ നിയമങ്ങള്‍ പലതുമുണ്ടായിട്ടെന്തുകാര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."