ഇടപാടുകാരനെ അറിയുകയെന്ന കെ.വൈ.സി മാനദണ്ഡം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും നിര്‍ബന്ധമാക്കും
തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹകരണ ബാങ്കുകളിലും കെവൈസി നിര്‍ബന്ധമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രാഥമിക സഹകരണ ബാങ്കുകളിലെ പണം ജില്ലാ സഹകരണ ബാങ്കുകള്‍ വഴി പിന്‍വലിക്കാമെന്നും മന്ത്രി അറിയിച്ചു. ജില്ലാ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ആഴ്ചയില്‍ 24000 രൂപ വീതം ഇത്തരത്തില്‍ പിന്‍വലിക്കാം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക ബാങ്കുകളില്‍ അക്കൗണ്ടുളളവര്‍ക്ക് ജില്ലാ ബാങ്കുകളിലും അക്കൗണ്ട് തുടങ്ങി അതില്‍ നിന്നും പണം പിന്‍വലിക്കാവുന്ന രീതിയാണിത്. 1624 കോടി രൂപയുടെ പഴയ നോട്ടുകളാണ് സഹകരണ ബാങ്കുകളിലുളളതെന്നും ഇത് മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്കിനെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ സഹകരണബാങ്കുകളില്‍ നിക്ഷേപം സ്വീകരിക്കാന്‍ 2013 മുതല്‍ തന്നെ കെവൈസി(ഇടപാടുകാരനെ അറിയുക) മാനദണ്ഡങ്ങള്‍ ബാധകമാക്കിയെങ്കിലും പൂര്‍ണമായി പാലിച്ചിരുന്നില്ല.2013 മുതലുള്ള അക്കൗണ്ടുകളില്‍ ഏകദേശം 50 ശതമാനത്തിനു മാത്രമാണ് ഇത് നടപ്പാക്കാനായത്. കെവൈസി പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതാണ് ഇപ്പോഴത്തെ സഹകരണ ബാങ്കുകളുടെ നിയന്ത്രണത്തിനുള്ള ന്യായങ്ങളിലൊന്നായി കേന്ദ്രസര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നത്. രാജ്യത്തെ സഹകരണബാങ്കുകളില്‍ കെവൈസി മാനദണ്ഡം നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ പറഞ്ഞിരുന്നു.
നോട്ട് പിന്‍വലിച്ചശേഷം നവംബര്‍ പത്തിന് ഇറക്കിയ സര്‍ക്കുലറിലും കെവൈസി മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് കേരളത്തിലെ സഹകരണ രജിസ്ട്രാര്‍ സഹകരണസംഘങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സഹകരണബാങ്കും ജില്ലാബാങ്കുകളും ഇത് നടപ്പാക്കുന്നുണ്ടെങ്കിലും പ്രാഥമിക സഹകരണസംഘങ്ങളാണ് വീഴ്ചവരുത്തിയിരുന്നത്. ഇത് കൃത്യമായി പാലിക്കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
ബാങ്ക് നിക്ഷേപങ്ങളിലെ സുതാര്യത ഉറപ്പുവരുത്താന്‍ ലോകമെമ്പാടും സ്വീകരിച്ചിരിക്കുന്ന മാര്‍ഗമാണ് കെവൈസി. വ്യക്തിയെ തിരിച്ചറിയാനും മേല്‍വിലാസം തെളിയിക്കാനുമുളള ഏതെങ്കിലും രേഖ അക്കൗണ്ട് എടുക്കുന്ന സമയത്ത് ഹാജരാക്കണം. കൂടാതെ നിശ്ചിത സമയത്ത് ഇത് പുതുക്കണം. ഇതിന് പിന്നാലെ അരലക്ഷം രൂപയില്‍ കൂടുതലുളള ഇടപാടുകള്‍ക്ക് പാന്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നതും കെവൈസിയുടെ ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."