ജനകീയ സമരസമിതി മുന്നിട്ടിറങ്ങി; പഴയ കൊല്ലം-ചെങ്കോട്ട റോഡിന്റെ ഒരു ഭാഗം റെഡി !
കൊട്ടാരക്കര: സംയുക്ത ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പഴയ കൊല്ലം-ചെങ്കോട്ട റോഡ് ഭാഗികമായി സഞ്ചാരയോഗ്യമാക്കി. വാഹനങ്ങള്‍ കടന്നുപോകാന്‍ തടസമുണ്ടായിരുന്ന പുലമണില്‍ എം.സി റോഡ് മുതല്‍ കോട്ടപ്പുറവുമായി ബന്ധിപ്പിക്കുന്ന പാലം വരെയുള്ള ഭാഗമാണ് സഞ്ചാരയോഗ്യമാക്കിയത്.
വര്‍ഷങ്ങളായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സംയുക്ത സമരസമിതിയും പഴയ കൊല്ലം ചെങ്കോട്ട റോഡും പുനരുദ്ധാരണത്തിനായി നിയമപോരാട്ടത്തിലായിരുന്നു. എം.സി റോഡില്‍ കോട്ടപ്പുറം ഭാഗത്തേക്ക് റോഡ് ആരംഭിക്കുന്നിടത്ത് സ്വകാര്യ വ്യക്തി റോഡ് കൈയേറി കെട്ടിടം വെച്ചതായിരുന്നു പുനരുദ്ധാരണത്തിന് തടസമായത്.
സമീപത്തെ സ്ഥലമുടമയും ഈ റോഡിന്റെ കുറച്ചു ഭാഗം കൈയേറിയെങ്കിലും സംയുക്ത സമരസമിതിയുടെ ഇടപെടലില്‍ അയാള്‍ തന്നെ കൈയേറ്റ നിര്‍മാണം പൊളിച്ചു മാറ്റിയിരുന്നു. ആദ്യം കൈയേറ്റം നടത്തിയ കെട്ടിട ഉടമയ്‌ക്കെതിരെ നിയമ പോരാട്ടം നടന്നു വരികയാണ്.
കെട്ടിടാവശിഷ്ടങ്ങളും മണ്ണും ഉപയോഗിച്ചാണ് കഴിഞ്ഞദിവസം ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഭാഗികമായി സഞ്ചാരയോഗ്യമാക്കിയത്. കാറും ഓട്ടോയും മിനി ലോറിയുംമടക്കമുള്ള വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാന്‍ കഴിയുന്ന തരത്തിലാണ് റോഡ് ക്രമീകരിച്ചിരിക്കുന്നത്. ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഈ റോഡ് ഉപകാരപ്പെടുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
പുലമണ്‍ ജങ്ഷനില്‍ നിന്നും 700 മീറ്റര്‍ ദൂരമേ ഈ റോഡു വഴി കോട്ടപ്പുറം ജങ്ഷനിലേക്കുള്ളു. പുനലൂരില്‍ നിന്നും കൊല്ലത്തുനിന്നുമുള്ള വാഹനയാത്രക്കാര്‍ക്കും ഈ റോഡ് പ്രയോജനപ്പെടും.
റോഡ് പൂര്‍ണമായും സഞ്ചാരയോഗ്യമായാല്‍ ടൗണിലെ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. സമരസമിതി നേതാക്കളായ ജോസ് ചെമ്പറ്റയില്‍, കുഞ്ഞുമോന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ.ഷാജു, എസ്.ആര്‍.രമേശ്, കല്യാണി സന്തോഷ്, ഷിജു പടിഞ്ഞാറ്റിന്‍കര, വി. ഫിലിപ്പ്, കോശി.കെ.ജോണ്‍ , ജ്യോതി മറിയം , കൃഷ്ണന്‍കുട്ടിനായര്‍ , ബിജു കോട്ടപ്പുറം, ബിജു പുലമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
താലൂക്ക്തല
ബാലോത്സവം നടത്തി
കൊല്ലം: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ജനുവരിയില്‍ തിരുവനന്തപുരത്തു നടത്തുന്ന സംസ്ഥാനതല സര്‍ഗോത്സവത്തിനു മുന്നോടിയായി കണ്ണനല്ലൂര്‍ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ താലൂക്കുതല ബാലോത്സവം നടത്തി.
സീനിയര്‍ വിഭാഗത്തില്‍ തൃക്കോവില്‍വട്ടം നേതൃസമിതിയും ജൂനിയര്‍ വിഭാഗത്തില്‍ മയ്യനാട് നേതൃസമിതിയും ഒന്നാമതെത്തി. ഗ്രന്ഥശാലാതലത്തില്‍ പുത്തന്‍കുളം സൗഹൃദ ഗ്രന്ഥശാലയും കിഴക്കേക്കല്ലട പ്രോഗ്രസീവ് യൂത്ത് ലൈബ്രറിയും ഒന്നാംസ്ഥാനം നേടി.
കണ്ണനല്ലൂര്‍ എം.ജി.യു.പി.എസ്,കണ്ണനല്ലൂര്‍ പബ്ലിക്ക് ലൈബ്രറി എന്നിവിടങ്ങളിലായിരുന്നു മത്സരം നടന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറികൗണ്‍സില്‍ പ്രസിഡന്റ് മുളവന രാജേന്ദ്രന്‍ അധ്യക്ഷനായി. കെ.ബി മുരളീകൃഷ്ണന്‍,എ അബുബക്കര്‍കുഞ്ഞ്,എം ഷൈലജ,ലാലാ ആറാട്ടുവിള,പി.എ.എ സലാം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."