മീറോഡ് മല ചെങ്കല്‍ ഖനനം നാട്ടുകാര്‍ തടഞ്ഞു
മേപ്പയ്യൂര്‍: നരക്കോട് മീറോഡ് മലയുടെ ചുറ്റിലും വ്യാപകമായി നടത്തുന്ന ചെങ്കല്‍ ഖനനം നാട്ടുകാര്‍ തടഞ്ഞു. മലയുടെ ചുറ്റിലുമായി താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസിനെ ഹാനികരമായി ബാധിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ രൂപീകരിച്ച ജനകീയ പ്രതിരോധ സമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ക്വാറി പ്രവര്‍ത്തനം തടഞ്ഞത്.
സ്ത്രീകളും കുട്ടികളുമടക്കം 150 ഓളം പേരാണ് കല്ലടക്കുന്ന് ക്വാറിയിലേക്ക് മാര്‍ച്ച് നടത്തി പ്രവൃത്തി തടഞ്ഞത്. തുടര്‍ന്ന് ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
മിച്ചഭൂമി സമരത്തിന്റെ ഭാഗമായി ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയായിരുന്നു ഈ പ്രദേശം. മിച്ചഭൂമി കൈമാറ്റം ചെയ്യാതിരിക്കാനുള്ള കാലാവധി കഴിഞ്ഞപ്പോള്‍ അവകാശികളില്‍ നിന്ന് ഈ ഭൂമി തുച്ഛവിലക്ക് ക്വാറി മുതലാളിമാരും, റിയല്‍ എസ്റ്റേറ്റുകാരും ഒന്നിച്ച് വാങ്ങിക്കൂട്ടുകയായിരുന്നു. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതും നീരുറവകളെ വറ്റിക്കുന്നതുമായ മീറോഡ് മലയിലെ ചെങ്കല്‍ ഖനനവും, മണ്ണെടുപ്പും എന്തു വില കൊടുത്തും തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു. മാര്‍ച്ചിനും ക്വാറി പ്രവൃത്തി തടയുന്നതിനും പഞ്ചായത്തംഗം കുഞ്ഞിമൊയ്തി, ജനകീയ പ്രതിരോധ സമിതി കണ്‍വീനര്‍ കെ.കെ.ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി.
മുഖ്യമന്ത്രി, പരിസ്ഥിതി മന്ത്രി, എം.എല്‍.എ, ജില്ലാ കലക്ടര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്് എന്നിവര്‍ക്ക് നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജി നല്‍കി. ഖനനം പൂര്‍ണമായും ഉപേക്ഷിക്കും വരെ സമരം തുടരുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."