ട്രഷറിയില്‍ ആവശ്യത്തിന് നോട്ടെത്തിയില്ല: ശമ്പള വിതരണം മുടങ്ങി
കോട്ടയം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്നുള്ള ആദ്യ ശമ്പള വിതരണം ജില്ലയിലെ ട്രഷറികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി. ഇന്നലെ രാവിലെ തന്നെ ട്രഷറികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കോട്ടയം, പൊന്‍കുന്നം,ചങ്ങനാശേരി, പള്ളിക്കത്തോട്,എരുമേലി എന്നീ സബ്ട്രഷറികളില്‍ വന്‍ തിരക്കായിരുന്നു രാവിലെ തന്നെ. ചിലയിടങ്ങളില്‍ പ്രതിഷേധവും ഉണ്ടായി.
പൊന്‍കുന്നം സബ് ട്രഷറിയില്‍ ശമ്പള-പെന്‍ഷന്‍ വിതരണത്തിനായി ആകെ വേണ്ടത് എണ്‍പതുലക്ഷം രൂപയായിരുന്നു. എന്നാല്‍ ഇന്നലെ എത്തിയത് വെറും ഏഴു ലക്ഷം രൂപ. ഇതോടെ ശമ്പളവും പെന്‍ഷന്‍ തുകയും എങ്ങനെ വിതരണം ചെയ്യണമെന്നറിയാതെ അധികൃതരും ബുദ്ധിമുട്ടി. ഒരാള്‍ക്ക് 2000 ല്‍അധികം രൂപ നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ശമ്പളം വാങ്ങാനെത്തിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
കോട്ടയം സബ് ട്രഷറിയിലെയും സ്ഥിതി മറിച്ചല്ലായിരുന്നു. ശമ്പള വിതരണത്തിനായി ആകെ വേണ്ടത് ഒന്നരക്കോടി രൂപയാണ്. എന്നാല്‍ ആദ്യ ദിനം ലഭിച്ചത് വെറും 30ലക്ഷം രൂപയായിരുന്നു.ഇതോടെ ശമ്പള വിതരണവും പ്രതിസന്ധിയിലായി. നോട്ട് ആവശ്യത്തിന് ലഭ്യമാകാത്തതിനാല്‍ തുടക്കത്തില്‍ ചില നിയന്ത്രണം എര്‍പ്പെടുത്തിയിരുന്നു.ട്രഷറിയില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചാണ് പ്രതിസന്ധി മറികടക്കാന്‍ അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍ ഇതും പലരുടെയും പ്രതിഷേധത്തിന് ഇടയാക്കി. ശമ്പളമായി ലഭിച്ചത് 8000 രൂപയായിരുന്നു. പെന്‍ഷന്‍കാരില്‍ പലര്‍ക്കും ലഭിച്ചത് 5000 രൂപയും.
ആറായിരത്തിലധികം പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്ന കോട്ടയം സബ്ട്രഷറിക്കാണ് ആകെ 30 ലക്ഷം അനുവദിച്ചത്. എല്ലാവര്‍ക്കും ഇന്നു തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും റിസര്‍വ് ബാങ്ക് ആവശ്യത്തിനുള്ള നോട്ട് നല്‍കാതിരുന്നതാണ് ട്രഷറിയുടെ പ്രവര്‍ത്തനത്തിനു തിരിച്ചടിയായത്.
ഇതോടെ വന്‍ പ്രതിസന്ധിയാണ് ഇന്നലെ ഉണ്ടായത്. എന്നാല്‍ തിരക്ക് കണക്കിലെടുക്ക് ട്രഷറി അധികൃതര്‍ നിരവധിത്തവണ ഡയറക്ട്രേറ്റുമായും മന്ത്രി തലത്തിലും നിരവധിത്തവണ ബന്ധപ്പെട്ടതോടെ ഉച്ചയോടെ എണ്‍പത്തിയഞ്ചുലക്ഷം രൂപ അധികമായി അനുവദിച്ചു. ഇങ്ങനെ ലഭിച്ച തുക ഉപയോഗിച്ചാണ് ഉച്ചയോടെ ശമ്പള വിതരണം സാധാരണ ഗതിയിലാക്കിയത്.
ഇത്തരത്തില്‍ കോട്ടയം സബ് ട്രഷറിക്ക് മാത്രം ആകെ അനുവദിച്ചത് ഒരുകോടി 15 ലക്ഷം രൂപയായിരുന്നു. തുടക്കത്തില്‍ തുച്ഛമായ തുക നല്‍കി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും രക്ഷയില്ലാതെ വന്നതോടെയാണ് ആവശ്യത്തിന് നോട്ട് എത്തിക്കാന്‍ അധികൃതരും തയാറായത്. ആദ്യ ദിനം തന്നെ എണ്ണൂറിലധികം പെന്‍ഷന്‍കാര്‍ എത്തിയിരുന്നു.
പത്തനംതിട്ട: നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യ ശമ്പള-പെന്‍ഷന്‍ ദിനമായ ഇന്നലെ വന്‍തിരക്കാണു ജില്ലാ ട്രഷറിയിലും മറ്റ് സബ് ട്രഷറികളിലും അനുഭവപ്പെട്ടത്. ആവശ്യത്തിനു പണമില്ലാഞ്ഞതിന്റെ ബുദ്ധിമുട്ട് ജില്ലാ ട്രഷറിയിലും അടൂര്‍, തിരുവല്ല സബ് ട്രഷറികളിലും മാത്രമാണ് ഉണ്ടായത്. ബാക്കി സബ് ട്രഷറികളില്‍ ആവശ്യപ്പെട്ട പണം കിട്ടി. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം 24000നും അതിനു താഴെയുമായി തുകകള്‍ ഇവിടങ്ങളില്‍ വതരണം ചെയ്യുകയും ചെയ്തു. ചില സബ് ട്രഷറികളില്‍ വിതരണം കഴിഞ്ഞും പണം അധികമുണ്ട്.
പത്തനംതിട്ട ജില്ലാ ട്രഷറി ആവശ്യപ്പെട്ടത് ഒന്നര കോടി രൂപയാണ്. എന്നാല്‍ അഞ്ചുലക്ഷം രൂപ മാത്രമേ തരാന്‍ കഴിയൂ എന്നാണു ബാങ്ക് നല്‍കിയ മറുപടി. വീണ്ടും നിര്‍ബന്ധിച്ചതിനെ തുടര്‍ന്നു പത്തുലക്ഷം രൂപ ആദ്യം നല്‍കി.
അതുരാവിലെ 11.30 ഓടെ തീര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും പത്ത് ലക്ഷം രൂപയ്ക്കുകൂടി ആവശ്യപ്പെട്ടു. അതും നാലിനുള്ളില്‍ തീര്‍ന്നു. ആകെ 222 പേരാണ് ഇടപാടിനെത്തിയത്. 56 ഇതില്‍ 20 പേര്‍ക്കു മാത്രമേ 24000 രൂപ വച്ച് നല്‍കാന്‍ കഴിഞ്ഞുള്ളൂ. അതിനു ശേഷമുള്ളവര്‍ക്ക് 8000 രൂപ വീതം നല്‍കി. 8000 രൂപ കൈപ്പറ്റാന്‍ തയാറാകാതെ 56 പേര്‍ തിരികെപ്പോയി. ഇവര്‍ക്ക് ഇന്ന് പണം നല്‍കും. അടൂര്‍ സബ് ട്രഷറിയും ആവശ്യപ്പെട്ടത് ഒന്നര കോടി രൂപയാണ്. എന്നാല്‍ 15 ലക്ഷം മാത്രമാണ് ആകെ നല്‍കിയത്. ഇത് ഉച്ചയ്ക്കു മുമ്പേ തീര്‍ന്നു. 24000 രൂപ വച്ച് ചുരുക്കം ആളുകള്‍ക്കു മാത്രമാണ് നല്‍കിയത്. കൂടുതലും 4000 രൂപയും അതിനു താഴെയുമായുള്ള തുകകളാണ് നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് ഇന്ന് പണം കൊടുക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അതിനായി മറ്റൊരു ഒന്നരക്കോടി രൂപ കൂടി ചോദിച്ചെങ്കിലും ലഭിച്ചിട്ടില്ല. ഇന്ന് പണം കിട്ടുമെന്നും ഇവര്‍ കണക്കൂ കൂട്ടുന്നു. തിരുവല്ലയില്‍ പെന്‍ഷന്‍ വാങ്ങാനെത്തിയത് മാത്രം അറുനൂറേളം പേരാണ്. രാവിലെ 60 ലക്ഷം രൂപ ബാങ്കില്‍ നിന്നും ലഭിച്ചു. 13 ലക്ഷം രൂപ നീക്കിയിരിപ്പായി ഉണ്ടായിരുന്നു. ഉച്ചയോടെ പണം തീര്‍ന്നതിനെ തുടര്‍ന്ന് 35 ലക്ഷം കൂടി ആവശ്യപ്പെട്ടെങ്കിലും 20 ലക്ഷം രൂപ ലഭിച്ചു. ഇതേ തുടര്‍ന്ന് അവസാനമെത്തിയ അമ്പതോളം പേര്‍ക്ക് മടങ്ങി പോകേണ്ടിവന്നു. ഉച്ചയ്ക്ക് ശേഷം ലഭിച്ച 20 ലക്ഷത്തില്‍ 10 ലക്ഷവും ഇരുപതിന്റെ നോട്ടുകളായിരുന്നത് ജീവനക്കാരെ വലച്ചു.
എന്നാല്‍ ബാക്കിയുള്ള സബ് ട്രഷറികളില്‍ ചിത്രം മറ്റൊന്നായിരുന്നു. കോഴഞ്ചേരി ട്രഷറിയിലാണ് പണം അധികം വന്നത്. 80 ലക്ഷം ആവശ്യപ്പെട്ടതില്‍ 70 ലക്ഷം രൂപ ഇവിടെ കിട്ടി. 300 ഓളം പേര്‍ക്ക് പണം വിതരണം ചെയ്തു. അതിനു ശേഷം അഞ്ച് ലക്ഷം രൂപ ഇവിടെ അധികം വന്നു. രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കാന്‍ കഴിയില്ലെങ്കിലും അതിനുള്ള അനുമതി ലഭിച്ചതിനാല്‍ ഇന്നത്തേക്ക് ഇത് ഉപയോഗിക്കുമെന്നും അധികൃതര്‍ പറഞ്ഞു. പന്തളത്ത് 80 ലക്ഷം ചോദിച്ചപ്പോള്‍ 90 ലക്ഷം രൂപ ബാങ്ക് നല്‍കി.
അതിനാല്‍ 24000 രൂപ വച്ചുതന്നെ ഭൂരിഭാഗം പേര്‍ക്കും വിതരണം ചെയ്യാനായി. മല്ലപ്പള്ളിയില്‍ ആവശ്യപ്പെട്ട 85 ലക്ഷവും ലഭിച്ചു. റാന്നിയിലും ആവശ്യപ്പെട്ട 85 ലക്ഷം രൂപ ലഭിച്ചതില്‍ 24000 രൂപ വച്ചുതന്നെ ആദ്യമെത്തിയവര്‍ക്ക് വിതരണം ചെയ്തു. പെരുനാട് സബ് ട്രഷറിയില്‍ 60 ലക്ഷം രൂപ ആശ്യപ്പെട്ടപ്രകാരം കിട്ടി. കോന്നിയിലും 45 ലക്ഷം കിട്ടിയതും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തു. പത്തനംതിട്ട സബ് ട്രഷറിയില്‍ ഒരു കോടി രൂപ ആവശ്യപ്പെട്ട പ്രകാരം രണ്ടു ഘട്ടമായി ലഭിച്ചു. 70 ലക്ഷം രാവിലെയും പിന്നീട് 30 ലക്ഷവും ലഭിച്ചു. ഇവിടെ എത്തിയ 540 പേര്‍ക്കും പണം വിതരണം ചെയ്യാന്‍ കഴിഞ്ഞെന്നും അധികൃതര്‍ പറഞ്ഞു.
സെര്‍വര്‍ തകരാര്‍ മൂലമുണ്ടായ ഓണ്‍ലൈന്‍ പ്രശ്‌നം മൂലം ഇടപാടുകള്‍ രാവിലെ 11 ഓടെയാണ് എല്ലായിടത്തും തുടങ്ങാന്‍ കഴിഞ്ഞത്. ഇതല്ലാതെ മറ്റൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. ജനങ്ങള്‍ സമാധാനപരമായി സഹകരിച്ചെന്നും ട്രഷറി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി എട്ടുവരെ പ്രവര്‍ത്തന സമയം നീട്ടി നല്‍കിയത് ഇടപാടുകാര്‍ക്ക് സഹായകരമാകും. എന്നാല്‍ വൈകിട്ട് ആറിനു ശേഷം എങ്ങും ഇടപാടുകള്‍ നടന്നിട്ടില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."