കൊലപാതക ആരോപണം: 17 പേര്‍ക്കെതിരേ മാനനഷ്ടക്കേസ്
തൊടുപുഴ: വ്യാജമായി കൊലപാതകക്കേസ് ആരോപിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ 17 പേര്‍ക്കെതിരേ കോടതി നേരിട്ടു കേസെടുത്തു. കേസില്‍ വാദിയടക്കം അഞ്ചു സാക്ഷികളെ വിസ്തരിക്കുകയും നാലു പ്രമാണങ്ങള്‍ തെളിവില്‍ സ്വീകരിക്കുകയും ചെയ്ത കോടതി പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് സമന്‍സ് അയയ്ക്കാന്‍ ഉത്തരവായത്.
മുട്ടം തുടങ്ങനാട് സ്വദേശിനി ഇരപ്പൂഴിക്കര തോമസിന്റെ ഭാര്യ ലിസി നല്‍കിയ കേസിലാണ് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജസ്‌ട്രേറ്റ് കോടതി കേസെടുത്തത്. ലിസിയുടെ ഭര്‍ത്താവിനെ 2013 സെപ്റ്റംബര്‍ 16 നു ഓണം നാളില്‍ സ്വന്തം പുരയിടത്തില്‍ വീണു പരിക്കുപറ്റി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണമല്ലെന്നും രക്തസമ്മര്‍ദ്ദം കൂടി വീണു പരിക്കുപറ്റി മരിയ്ക്കുകയായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പക്ഷാഘാതം ഉണ്ടായിട്ടുള്ള തോമസ് വീണ് സമാനരീതിയില്‍ നേരത്തെയും പരിക്കു പറ്റിയിരുന്നതാണ്. എന്നാല്‍ തോമസിന്റെ മരണത്തിന്റെ ഒന്നരമാസത്തിനുശേഷം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും തോമസിന്റെ മരണം കൊലപാതകം ആണെന്നു ആരോപിക്കുകയും ചെയ്തിരുന്നു.
മുട്ടം ടൗണില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും നോട്ടീസ് അടിച്ചു വിതരണം ചെയ്യുകയും ചെയ്തിരുന്നു. നോട്ടീസിലും പ്രതിഷേധയോഗത്തിലുമെല്ലാം കുടുംബാംഗങ്ങള്‍ ചേര്‍ന്നു നടത്തിയ ആസൂത്രിത കൊലപാതകമാണെന്നു ചിത്രീകരിക്കുന്ന രീതിയില്‍ പ്രതികള്‍ പരാമര്‍ശം നടത്തിയിരുന്നു. പ്രതികള്‍ നല്‍കിയ പ്രസ്താവനയില്‍ തോമസിന്റെ വീട്ടില്‍ കുടുംബവഴക്ക് ഉണ്ടായിരുന്നുവെന്നും സ്വത്തുതര്‍ക്കം നിലനിന്നിരുന്നുവെന്നും തോമസിനെ പലപ്പോഴും കെട്ടിയിട്ടു മര്‍ദ്ദിക്കുമായിരുന്നുവെന്നും വീടിനു 50 മീറ്റര്‍ അകലെ മൃതദേഹം കിടന്നിട്ടും വീട്ടുകാര്‍ ഒരുദിവസം കാണാത്തതില്‍ ദുരൂഹതയുണ്ടെന്നും തോമസിന്റെ ദുരൂഹമരണം കൊലപാതകമാണെന്നുമുള്ള വിധത്തില്‍ അരോപണം നടത്തിയിരുന്നു. ഇതിനുപുറമെ മുഖ്യമന്ത്രിയ്ക്കും ഉന്നത പൊലിസ് അധികാരികള്‍ക്കും പ്രതികള്‍ പരാതിയും നല്‍കിയിരുന്നു.
പ്രതികളെല്ലാവരും 2017 ജനുവരി ഒന്നിനു കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണം.കേസ് നിയമപരമായി നേരിടുമെന്നും പുനരന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."