ജില്ലയില്‍ ലോക എയ്ഡ്സ് ദിനം ആചരിച്ചു
കാസര്‍കോട്: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ജീവന്റെ മഹത്വം വിളിച്ചോതുന്ന സങ്കീര്‍ത്തനം പാടി എച്ച്.ഐ.വി പ്രതിരോധത്തിനായി കൈ ഉയര്‍ത്തിയും ചുവന്ന റിബണ്‍ ധരിച്ചും നടത്തിയ റാലിയില്‍ വിദ്യാര്‍ഥികളും സന്നദ്ധ പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകള്‍ അണി നിരന്നു.
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി കാഞ്ഞങ്ങാട് ഐ.എം.എ ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പി ദിനേശ് കുമാര്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ നിന്നാരംഭിച്ച റാലി എസ്.ഐ ബിജു പ്രകാശ് ഫ്ളാഗ് ഓഫ് ചെയ്തു. റെഡ് റിബണ്‍ ധരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ഉപാധ്യക്ഷ എല്‍ സുലൈഖ നിര്‍വഹിച്ചു.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ ദാമോദരന്‍ എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന് സ്വാതിവാമന്‍ എയ്ഡ്സ് ദിന സന്ദേശം നല്കി. മെഡിക്കല്‍ ഓഫിസര്‍ ഇ.വി ചന്ദ്രമോഹനന്, ജില്ലാ മാസ് മീഡിയ ഓഫിസര്‍ വിന്‍സെന്റ് ജോണ്‍, നഗരസഭ കൗണ്‍സലര്‍ ഗംഗാ രാധാകൃഷ്ണന്, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ഇ മോഹനന്, ഡോ. എം.സി വിമല്‍രാജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുനിതാ നന്ദന്, ഡോ. എസ് സൂരജ്, ഡോ. ടി.വി പത്മനാഭന് സംബന്ധിച്ചു.
കാസര്‍കോട്: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പൊതുസമ്മേളനം ജില്ലാ പോലിസ് മേധാവി തോംസണ്‍ ജോസ് എന്‍.സി.സി കേഡറ്റിനെ റെഡ് റിബണ്‍ അണിയിച്ച് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു യക്ഷഗാനം മുഖേന എയ്ഡ്സ് ബോധവല്‍ക്കരണം നല്കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."