അപകട ഭീഷണിയില്‍ അങ്കണവാടി കെട്ടിടം: കുട്ടികളോട് അവഗണന കാട്ടരുത്...
രാജപുരം: 'ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന കെട്ടിടം. കണ്ണൊന്നു തെറ്റിയാല്‍ വീഴുക പത്തടി താഴ്ചയിലേക്ക് ....ഞങ്ങള്‍ പിഞ്ചു മക്കളെ എന്തു ധൈര്യത്തില്‍ പറഞ്ഞയക്കും...?' പനത്തടി പഞ്ചായത്തിലെ ഓട്ടമല അങ്കണ്‍വാടിയിലേക്കു മക്കളെ പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ ആധിയോടെ ചോദിക്കുന്ന ചോദ്യങ്ങളാണിത്.
കെട്ടിടത്തിന്റെ ചുവരുകളില്‍ വിള്ളല്‍ വീണിരിക്കുകയാണ്. കോണ്‍ക്രീറ്റ് പാളികള്‍ ഇടവിട്ട് അടര്‍ന്നുവീഴുകയും ചെയ്യുന്നു. ഏതു നിമിഷവും അപകടം വരാവുന്ന അങ്കണവാടിയിലേക്കു മക്കളെ പറഞ്ഞയക്കുവാന്‍ മാതാപിതാക്കള്‍ ഭയക്കുകയാണ്. ഇതോടെ കുട്ടികളുടെ എണ്ണം പകുതിയായി ചുരുങ്ങി. പന്ത്രണ്ടോളം കുട്ടികളുണ്ടായിരുന്ന അങ്കണവാടിയില്‍ കുട്ടികളുടെ എണ്ണം അഞ്ചായി.
ചുമരില്‍ ആണിതറയ്ക്കാന്‍ പോലും കഴിയാത്ത വിധമാണു കെട്ടിടത്തിന്റെ സ്ഥിതി. മഴവന്നാല്‍ ചോര്‍ച്ചയുമുണ്ട്. പാതയോരത്തുള്ള അങ്കണവാടിയുടെ മുറ്റത്തു കുട്ടികള്‍ക്കു കളിക്കാന്‍ പോയിട്ട് ഇറങ്ങാന്‍ പോലും കഴിയുന്നില്ല. റോഡിനോടു ചേര്‍ന്നുള്ള മുന്‍ഭാഗത്തെ മതില്‍ കഴിഞ്ഞ മഴയ്ക്കു തകര്‍ന്നു.
ഇപ്പോഴും അതേ അവസ്ഥയിലായതിനാല്‍ മുറ്റത്തിറങ്ങിയാല്‍ കുഴിയില്‍ വീഴാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ ഈ ഭാഗത്തേക്കു പോകാതിരിക്കാന്‍ വേലി സ്ഥാപിച്ചിട്ടുണ്ട്.
കണ്ണുതെറ്റിയാല്‍ പിഞ്ചുകുട്ടികള്‍ പത്തടിയോളം താഴ്ചയുള്ള കുഴിയിലേക്കു പതിക്കും. അപകടങ്ങള്‍ ഭയന്നാണു രക്ഷിതാക്കള്‍ കുട്ടികളെ വിടാത്തതെന്നു ജീവനക്കാര്‍ പറയുന്നു. മൂന്നു സെന്റ് സ്ഥലത്ത് 2003ല്‍ ആണു കെട്ടിടം നിര്‍മിച്ചത്. കുടിവെള്ളത്തിനു ദൂരെയുള്ള സ്വകാര്യവ്യക്തിയുടെ കിണറിനെ ആശ്രയിക്കണം.
ജീവനക്കാരില്‍ ഒരാള്‍ അവധിയിലായാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ രക്ഷിതാക്കളുടെ സഹായം തേടുകയാണു പതിവ്. കൂലിപ്പണിയെടുത്തു ജീവിക്കുന്നവര്‍ക്ക് ഇക്കാരണത്താല്‍ ജോലിയും കൂലിയും നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്. കെട്ടിടത്തിന്റെ ശോച്യാവസ്ഥയ്ക്കും കുടിവെള്ളക്ഷാമത്തിനും പരിഹാരം കണ്ടെത്തി തങ്ങളുടെ ആശങ്കകളകറ്റണമെന്നാണു രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."