മൂന്നിയൂരില്‍ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
തിരൂരങ്ങാടി: മൂന്നിയൂര്‍പഞ്ചായത്തിലെ ചെര്‍ന്നൂര്‍, തയ്യിലക്കടവ് ഭാഗങ്ങളില്‍ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍. ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പത്തിലേറെ വിദ്യാര്‍ഥികളിലാണ് രോഗലക്ഷണങ്ങള്‍ കാണപ്പെട്ടത്.
പനി, ഛര്‍ദി, ക്ഷീണം എന്നിവ കണ്ടുതുടങ്ങിയതോടെ കുട്ടികളെ പരിശോധന നടത്തി വിവിധ ആശുപത്രികളില്‍ ചികിത്സ നല്‍കി. കുട്ടികളില്‍ പലരിലും ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചിട്ടുണ്ടെന്നു മൂന്നിയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പ്രദേശത്തെ കിണറുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. ജനങ്ങള്‍ക്കു ബോധവല്‍ക്കരണ നോട്ടീസുകള്‍ വിതരണം ചെയ്തു.
മദ്‌റസാ വിദ്യാര്‍ഥികളിലൂടെ രോഗം പടരാതിരിക്കുന്നതിനായി പ്രദേശത്തെ മദ്‌റസയ്ക്കു കുറച്ചു ദിവസം അവധി നല്‍കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് തയ്യിലക്കടവ് എ.എം.എല്‍.പി സ്‌കൂളില്‍ പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടക്കും. രോഗലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ ചികിത്സതേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പഞ്ചായത്തംഗം എം.എം ജംഷീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. സുബ്രഹ്മണ്യന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എഫ്. ജോസ്, കെ.കെ ദിലീപ്, കെ. ലിജിനേഷ്, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ഒരു മാസം മുന്‍പും ഈ ഭാഗങ്ങളില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."