പുതുച്ചേരി മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എ.വി ശ്രീധരന് അന്തരിച്ചു
മാഹി: പുതുച്ചേരി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ എ.വി ശ്രീധരന് (72) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
കോണ്‍ഗ്രസ്സിന്റെയും ഐ.എന്‍.ടി.യുസിയുടെയും സമുന്നത നേതാവായ ശ്രീധരന് മാഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. 1985 മുതല്‍ പള്ളൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നു തുടര്‍ച്ചയായി ആറുതവണ പുതുച്ചേരി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ പാര്‍ലിമെന്ററി സെക്രട്ടറി, ചീഫ് വിപ്പ് ഉള്‍പ്പെടെ ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്.
1964ല്‍ മാഹി സ്പിന്നിങ്ങ് മില്‍ രൂപീകരണ ഘട്ടത്തില്‍ തന്നെ തൊഴിലാളിയായി ജീവിതമാരംഭിച്ച എ.വി യൂത്ത് കോണ്‍ഗ്രസ് മേഖലാ ജനറല്‍സക്രട്ടറി, കോണ്‍ഗ്രസ് മേഖലാ കമ്മിറ്റി ജനറല്‍സെക്രട്ടറി, 30 വര്‍ഷം പള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. പള്ളൂര്‍ അടുപാട്ടില് പരേതനായ കഞ്ഞാപ്പുവിന്റെയും പാലത്തായി ദേവു വിന്റെയും മകനായി 1945ലായിരുന്നു ജനനം. ഭാര്യ: സീത. മക്കള്‍: ഷജിന്‍, സുബിന്. സഹോദരങ്ങള്‍: പുരുഷോത്തമന്, ഭരതന്, ശാന്ത, ശശിധരന്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."