ചെറുവത്തൂരില്‍ മൊബൈല്‍ ടവര്‍ കാബിന് തീവച്ചു
ചെറുവത്തൂര്‍ (കാസര്‍കോട്): മൂന്നു മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ സിഗ്‌നല്‍ സംവിധാനമുള്ള ടവര്‍ കാബിന് തീവച്ചു നശിപ്പിച്ചു. ചെറുവത്തൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ബി.എസ്.എന്‍.എല്‍ ഓഫിസ് വളപ്പിലെ ടവര്‍ കാബിനും അനുബന്ധ ഉപകരണങ്ങളുമാണ് ഇന്നലെ പുലര്‍ച്ചെ 2.30ഓടെ തീവച്ച് നശിപ്പിച്ചത്. സംഭവത്തില്‍ കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയും പിലിക്കോട് മട്ടലായിയില്‍ താമസക്കാരനുമായ അലക്‌സ് എന്ന ഫിലിക്‌സ് ജോയിയെ (48) പൊലിസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ചെറുവത്തൂരില്‍ മൊബൈല്‍ ടവര്‍ തീയിട്ട് നശിപ്പിച്ചത്. ഒരു മാസത്തിന് മുന്‍പ് ചെറുവത്തൂര്‍ കനറാ ബാങ്ക് കെട്ടിടത്തിന് മുകളിലുള്ള മൊബൈല്‍ ടവറിന് തീയിട്ടിരുന്നു. ഈ സംഭവത്തിനു പിന്നിലും പിടിയിലായ അലക്‌സ് ആണെന്നാണ് നിഗമനം. അന്ന് തീയിട്ടതിന് തെളിവൊന്നും ലഭിക്കാത്തതിനാല്‍ ഷോട്ട് സര്‍ക്യൂട്ട് ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.
ഇന്നലെയുണ്ടായ അഗ്‌നിബാധയില്‍ ബി.എസ്.എന്‍.എല്‍ ഓഫിസ് വളപ്പിലെ ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന റിലയന്‍സ്, എയര്‍ടെല്‍ എന്നിവയുടെ ഔട്ട്‌ഡോര്‍ യൂനിറ്റ് കേബിളുകള്‍ പൂര്‍ണമായും, ബി.എസ്.എന്‍.എല്‍ കേബിളുകള്‍ ഭാഗികമായും നശിച്ചു. ടവറിന് താഴെയുള്ള ക്യാബിനും പൂര്‍ണമായും കത്തിനശിച്ചു.
30 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓല, മണ്ണെണ്ണ, മരക്കഷ്ണങ്ങള്‍, ചകിരി എന്നിവ ഉപയോഗിച്ച് കേബിളുകള്‍ക്ക് തീയിടുകയായിരുന്നു. ടവറില്‍ നിന്നും അപായമണി മുഴങ്ങുന്നത് ശ്രദ്ധയില്‍ പ്പെട്ട തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരും, കാവല്‍ക്കാരനും വിവരമറിയിച്ചതിനെ തുടര്‍ന്ന് ചന്തേര പൊലിസും തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്‌സും എത്തി തീയണക്കുകയായിരുന്നു. സമാനമായ രീതിയിലുള്ള തീവയ്പുമായി ബന്ധപ്പെട്ട് അലക്‌സ് നേരത്തെ പിടിയിലായിരുന്നു. ഈ വഴിക്കുള്ള അന്വേഷണമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ദുരൂഹത നീക്കാന്‍ സഹായിച്ചത്. കഴിഞ്ഞ ഏപ്രില്‍ 28 ന് ചെറുവത്തൂര്‍ കണ്ണാടി പാറയിലെ സബ്‌സ്റ്റേഷന കത്തെ ട്രാന്‍സ്‌ഫോര്‍മറിനും ചപ്പുചവറുകളും മറ്റും കൂട്ടിയിട്ട് തീയിടാന്‍ ശ്രമം നടന്നിരുന്നു.
ഇതിന് പിന്നിലും ഇയാളാണെന്നാണ് കരുതുന്നത്. കൂടാതെ ഈയടുത്ത് കോഴിക്കോട് നഗരത്തിലും ട്രാന്‍സ്‌ഫോര്‍മറുകള്‍ രാത്രിയില്‍ തീയിട്ട സംഭവം ഉണ്ടായിരുന്നു. ഇതിലും പിടിയിലായ അലക്‌സിന് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."