വിമാനത്താവളത്തിന്റെ മതില്‍കെട്ട് ഉയര്‍ത്തി; കമ്പിവേലി കെട്ടി, ഡ്രെയ്നേജ് സ്ഥാപിച്ചു
കൊണ്ടോട്ടി: സുരക്ഷാഭീഷണിയെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍കെട്ട് ഉയര്‍ത്തി, കമ്പിവേലി കെട്ടി, ഡ്രൈയ്നേജ് സ്ഥാപിച്ചു. വിമാനത്താവളത്തിന്റെ വടക്കുഭാഗത്താണ് ലക്ഷങ്ങള്‍ ചെലവിട്ട് മതില് കെട്ടിസംരക്ഷണമൊരുക്കിയത്. സാമൂഹ്യവിരുദ്ധരുടേയും തെരുവുനായ്ക്കളുടേയും ശല്യം രൂക്ഷമായ വടക്കുഭാഗം സുരക്ഷാഭീഷണിയിലായിരുന്നു.
റണ്‍വെ മതില്‍ക്കെട്ട് താഴ്ന്ന് നില്ക്കുന്നതിനാല് സാമൂഹ്യവിരുദ്ധര്‍ക്കും വന്യജീവികള്‍ക്കും ഇതുവഴി റണ്വെയിലെത്താവുന്ന സാഹചര്യമായിരുന്നു. ഇത് കടുത്ത സുരക്ഷാഭീഷണി സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് മതില്‍കെട്ട് ഉയര്‍ത്തിയത്.
റണ്‍വെയിലെ മഴവെളളം കുത്തിയൊലിച്ച് പോകാനായി ഡ്രൈനേജും സ്ഥാപിച്ചിട്ടുണ്ട്. റണ്‍വെയിലെ മലിനജലം കുത്തിയൊലിച്ച് സമീപത്തെ വീടുകളിലെ കിണറുകളും മറ്റും ഉപയോഗശൂന്യമാകുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിനുപരിഹാരമായി കൂടിയാണ് പ്രത്യേക ഡ്രൈനേജ് സ്ഥാപിച്ചത്. ഡ്രൈനേജ് വഴി മലിനജലം തിരിച്ചുവിടാനാകും. കരിപ്പൂര്‍ റണ്‍വെ നിലവില്‍ റീ-കാര്‍പ്പറ്റിങ് പ്രവൃത്തികളുടെ അവസാന ഘട്ടത്തിലാണ്. ഇതിനിടയില്‍ തന്നെ സുരക്ഷാമതില്‍ കൂടി ബലപ്പെടുത്തുകയാണ് എയര്‍പോര്‍ട്ട് അതോറിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."