നബിദിനാഘോഷത്തിന് ജില്ലയില്‍ ഉജ്വല തുടക്കം
തൊഴിയൂര്‍: അന്ത്യ പ്രവാചകന് മുഹമ്മദ് നബി (സ) യുടെ 1490-ാം ജന്മദിനാഘോഷ പരിപാടികള്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. ഇനിയുള്ള ഒരു മാസക്കാലം പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക് നാടും നഗരവും സാക്ഷ്യം വഹിക്കും. ജില്ലയിലെ 600ല്‍ പരം മദ്രസകളിലും മഹല്ലുകളിലും നബിദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടക്കും. 'മുഹമ്മദ് നബി(സ) കുടുംബ നീതിയുടെ പ്രകാശം' എന്ന പ്രമേയത്തിലാണ് നബിദിന കാംപയിന് നടത്തുന്നത്. സമൂഹത്തിന്റ ഏറ്റവും അടിസ്ഥാനമായ കുടുംബ ജിവിതത്തില്‍ സഹനത്തിന്റെയും സ്നേഹത്തിന്റെയും നീതിയുടെയും പ്രവാചക മാതൃക ഈ കാംപയിനില്‍ ചര്‍ച്ച ചെയ്യും.
ജില്ലയിലെ നബിദിനാഘോഷങ്ങളുടെ ഉദ്ഘാടനം തൊഴിയൂര്‍ ദാറു റഹ്മയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ ബാഅലവി അല്‍ ഖാസിമി (എസ്.എം.കെ തങ്ങള്‍ )നിര്‍വഹിച്ചു. സമസ്ത മുശാവറ അംഗവും ജില്ലാ സെക്രട്ടറിയുമായ ശൈഖുനാ എം.എം മുഹിയുദ്ദീന് മൗലവി അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും മുശാവറ അംഗവുമായ ശൈഖുനാ തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് മുസ്ലിയാരുടെ മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്ലിയാര് നേതൃത്വം നല്കി. മസ്ജിദു റഹ്മയില്‍ നടന്ന മൗലീദ് പാരായണത്തിന് സമസ്ത ജില്ലാ ട്രഷറര്‍ പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര് നേതൃത്വം നല്കി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ഫൈസി സ്വാഗതവും എസ്.കെ.എസ്.എഫ് ജില്ലാ സെക്രട്ടറി ശെഹീര്‍ ദേശമംഗലം നന്ദിയും പറഞ്ഞു. വി.എം ഇല്യാസ് ഫൈസി, ത്രീസ്റ്റാര്‍ കുഞ്ഞി മുഹമ്മദ് ഹാജി വില്ലന്നൂര്‍, ടി.എസ് മമ്മി, മുഹമ്മദ് കുട്ടി ബാഖവി, സിദ്ദിഖ് ബദ്രി, മഹ്റൂഫ് വാഫി, മുസ്തഫ മൗലവി, ഇബ്രാഹിം ഫൈസി, സി.പി ഖമറുദ്ദീന്, അഷ്റഫലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."