പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം: ശിക്ഷാ നടപടികള്‍ അനിവാര്യമെന്ന്
പാലക്കാട്: പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചാല്‍ മാത്രമെ ഹരിതകേരളം യാഥാര്‍ഥ്യമാവൂയെന്ന് ജില്ലയിലെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി രൂപവത്കരിച്ച നവകേരള മിഷന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിക്ക് പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ബോധവത്കരണത്തോടൊപ്പം ശിക്ഷാനടപടികള്‍ ആവശ്യമാണെന്ന അഭിപ്രായമുണ്ടായത്.
ബൈപാസുകള്‍, കനാലുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവിടങ്ങള്‍ വൃത്തിയാക്കുമ്പോള്‍ ഒരു വീട്ടില്‍ നിന്ന് ഒരു വ്യക്തി എന്ന നിലയ്ക്ക് പങ്കാളിത്തം ഉറപ്പാക്കണം.നഗരസഭാ പ്രദേശങ്ങളില്‍ ജൈവകൃഷി ചെയ്യാന്‍ മണ്ണ്, നല്ല വിത്തുകള്‍, വളം എന്നിവ ന്യായവിലയ്ക്ക് ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങണം , പൊതു കുളങ്ങളുടെ സംരക്ഷണം ഗുണഭോക്താക്കളെ ഏല്‍പ്പിക്കണം, എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ന്നു.
ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയിലെ 400 ഓളം ഗ്രന്ഥശാലകളില്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. കുടുംബശ്രീ,സി.ഡി.എസ് അംഗങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ്തലത്തില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.ജില്ലയില്‍ വിജയകരമായി നടപ്പിലാക്കിയ അകത്തേത്തറയിലെ തരിശുഭൂമി കൃഷി, കണ്ണാടി മില്‍ക്ക്, എലപ്പുള്ളി ക്ഷീര ഗ്രാമം തുടങ്ങിയ പദ്ധതികളുടെ മാതൃകകള്‍ മറ്റിടങ്ങളിലും നടപ്പാക്കണം.
ചാണകത്തില്‍ നിന്നും ജൈവമാലിന്യം കൃഷിക്ക് ഉപയോഗിക്കുന്ന വിധം സംസ്‌കരിക്കണമെന്നും കൃഷിക്കാരുടെ ഉത്പന്നങ്ങള്‍ എല്ലാ ബുധനാഴ്ച്ചകളിലും ക്ഷീര സംഘങ്ങളിലെത്തിച്ച് വിപണി കണ്ടെത്താനാവുമെന്നും ഗ്രാമപഞ്ചായത്തുകളില്‍ തറവാടക വാങ്ങാതെ മാസ ചന്തകള്‍ നടത്താന്‍ സൗകര്യമൊരുക്കും. ജലസേചന കനാലുകളിലെ മാലിന്യം നീക്കം ചെയ്യാന്‍ തദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് യോഗം വിലയിരുത്തി.
പരിഷ്‌കൃതരായ വ്യക്തികള്‍ താമസിക്കുന്ന കോളനികളുടെ റോഡരികില്‍ മാലിന്യ നിക്ഷേപം തുടര്‍ച്ചയായപ്പോള്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച അനുഭവം യോഗത്തില്‍ പങ്കുവെച്ചു. പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച പെന്‍ഡ്രൈവില്‍ 'വിദ്യാസമ്പന്നരും മാന്യന്‍'മാരുമായിരുന്നു പ്രതികള്‍.
തദേശഭരണ സ്ഥാപനങ്ങളുടെ അനുവാദമില്ലാതെ ബാനറുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നത് തടയണമെന്നും ആവശ്യമുയര്‍ന്നു. പൊതുകുളങ്ങള്‍ നവീകരിക്കാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."