ഗവര്‍ണറുടെ മതനിന്ദാ പരാമര്‍ശം: ജക്കാര്‍ത്തയില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത റാലി
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയുടെ ഗവര്‍ണര്‍ നടത്തിയ മതനിന്ദാ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു നഗരത്തില്‍ നടന്ന സംഗമത്തില്‍ ലക്ഷക്കണക്കിനു മുസ്‌ലിംകള്‍ പങ്കെടുത്തു.
ഗവര്‍ണര്‍ ബാസുകി തഹാജ പുര്‍നാമ ഖുര്‍ആനെ അധിക്ഷേപിച്ചു സംസാരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നഗരത്തെ നിശ്ചലമാക്കിയ പ്രക്ഷോഭം നടന്നത്.
അഹോക് എന്ന പേരില്‍ അറിയപ്പെടുന്ന ചൈനീസ് ക്രിസ്ത്യന്‍ വംശജനായ പുര്‍നാമയെ മതനിന്ദാ കുറ്റം ചുമത്തി ജയിലിലടക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നഗരമധ്യത്തിലെ ദേശീയ സ്മാരകത്തിനു ചുറ്റുമാണു പ്രതിഷേധക്കാര്‍ സംഗമിച്ചത്. രാവിലെത്തന്നെ നഗരത്തിലെത്തിയ വിശ്വാസികള്‍ അവിടെ വച്ചു തന്നെയാണ് ജുമുഅ നിസ്‌കാരവും നിര്‍വഹിച്ചത്.
പ്രതിഷേധ സംഗമത്തില്‍ 1,50,000ത്തോളം പേര്‍ പങ്കെടുത്തതായി പൊലിസ് പറഞ്ഞു. പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി 20,000 പൊലിസ് ഉദ്യോഗസ്ഥരെ നഗരത്തില്‍ വിന്യസിച്ചിരുന്നു.
അതേസമയം, പുര്‍നാമയുടെ പിന്തുണ കൂടിയുള്ള പ്രസിഡന്റ് ജോക്കോ വിദോദോ പ്രക്ഷോഭത്തെ അഭിസംബോധന ചെയ്തു. പ്രക്ഷോഭക്കാര്‍ക്കൊപ്പം ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുത്ത അദ്ദേഹം സമാധാനപരമായി പ്രതിഷേധ സംഗമം നടത്തിയ വിശ്വാസികളെ പ്രസംഗത്തില്‍ അഭിനന്ദിച്ചു.
വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ചു സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന തീവ്രവിഭാഗത്തിന്റെ നീക്കത്തെ അദ്ദേഹം വിമര്‍ശിച്ചു. തുടര്‍ന്ന്, എല്ലാവരും സുരക്ഷിതമായി വീടുകളിലേക്കു തിരിച്ചുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതോടെയാണു പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."