ശിവഗിരി തീര്‍ഥാടനം വിപുലമായ സൗകര്യങ്ങളൊരുക്കും: മന്ത്രി
തിരുവനന്തപുരം: ജാതിയില്ലാ വിളംബര പ്രഖ്യാപനത്തിന്റെ ശതാബ്ദി വര്‍ഷമെന്ന നിലയില്‍ ശിവഗിരി തീര്‍ഥാടനത്തിന് വര്‍ധിച്ച പ്രാധാന്യത്തോടെ സൗകര്യങ്ങളൊരുക്കുമെന്ന് സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ഈ വര്‍ഷത്തെ ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തീര്‍ഥാടകര്‍ക്ക് കുടിവെള്ളം യഥേഷ്ടം ലഭ്യമാക്കാനും തലസ്ഥാനത്തെ വിവിധ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍നിന്ന് പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ശബരിമലയില്‍ ഏര്‍പ്പെടുത്തിയതു പോലുള്ള കുടിവെള്ള വിതരണ സംവിധാനത്തിന്റെ സാധ്യത പരിശോധിക്കും.
കെ.എസ്.ആര്‍.ടി.സി അറുന്നൂറ് സര്‍വീസുകള്‍ക്ക് പുറമെ തിരുവനന്തപുരം ജില്ലക്ക് പുറത്തുനിന്ന് കുറഞ്ഞത് 40 പേര്‍ ഒരുമിച്ച് ബുക്ക് ചെയ്യുകയാണെങ്കില്‍ പ്രത്യേക ബസുകളും ഏര്‍പ്പെടുത്തും. പൊലിസിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. തീര്‍ഥാടന ദിവസങ്ങളില്‍ 24 മണിക്കൂറും വൈദ്യസഹായത്തിന് ക്രമീകരണങ്ങളുണ്ടാകും. ശിവഗിരി ട്രസ്റ്റിന്റെ വര്‍ക്കലയിലെ ആശുപത്രിയില്‍ ആവശ്യമായാല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണത്തിനും ശിവഗിരി ഉള്‍ക്കൊള്ളുന്ന അഞ്ചുവാര്‍ഡുകളില്‍ റോഡുകളില്‍ വെളിച്ചം എത്തിക്കുന്നതിനും നടപടി സ്വീകരിക്കും.
ശിവഗിരിയിലേക്കുള്ള റോഡുകളുടെ സമീപം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വ്യാപാരികളുമായി സഹകരിച്ച് സി.സി.ടി.വി കാമറകള്‍ സജ്ജമാക്കും. പ്ലാസ്റ്റിക് മുക്ത തീര്‍ഥാടനം ഇത്തവണ ഉദ്ദേശിക്കുന്നതിനാല്‍ സ്റ്റാളുകളിലും കടകളിലും ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കും. സ്റ്റാളുകളിലും ഹോട്ടലുകളിലും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണ- വില നിലവാര പരിശോധന കര്‍ശനമാക്കും. ശിവഗിരിയിലേക്കുള്ള എല്ലാ റോഡുകളുടെയും ഉപറോഡുകളുടെയും അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് മന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ എം.എല്‍.എ വി.ജോയി, ശിവഗിരി മഠം ഭാരവാഹികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."