നോട്ടു നിരോധനം: ജില്ലയില്‍ നിര്‍മാണ മേഖലയും പ്രതിസന്ധിയില്‍
ഒലവക്കോട് : രാജ്യത്തെ കറന്‍സി നിരോധനത്തിലൂടെ രൂപപ്പെട്ട പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ജില്ലയിലെ നിര്‍മാണമേഖലയെയാണ്. ഈ പ്രതിസന്ധിയില്‍ നിന്നും നിര്‍മാണമേഖല കര കയറണമെങ്കില്‍ ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. പൊതുവെ സ്തംഭനാവസ്ഥയിലായ നിര്‍മാണമേഖലയില്‍ പുതിയ കറന്‍സി നിരോധനം കൂടി വന്നതോടെ ആഘാതം ഇരട്ടിയായിരിക്കുന്നു. ഇപ്പോള്‍ 25 ശതമാനം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നുള്ളു. ഇത് ഇനിയും കുറയാനാണ് സാധ്യത. ബാങ്കുകളില്‍ നിന്ന് ചെക്കുമാറ്റിയെടുക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കൂലികൊടുക്കാന്‍ കഴിയുന്നില്ല. നിര്‍മ്മാണമേഖലയില്‍ അമ്പതുമുതല്‍ നൂറുപേര്‍വരെ ജോലി ചെയ്യുന്നു. കമ്പനികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കെല്ലാം ചെക്ക് മാറ്റിയെടുക്കുന്നതില്‍ 25,000 രൂപ പരിധി വച്ചതിനാല്‍ ജോലിക്കാര്‍ക്ക് കൃത്യമായി കൂലി നല്‍കാന്‍ കഴിയാതെ പണി നിര്‍ത്തിവയ്‌ക്കേണ്ടിവരുന്നു. പാലക്കാട് ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്നരലക്ഷത്തോളം പേര്‍ നിര്‍മാണമേഖലയെ ആശ്രയിക്കുന്നുണ്ട്. കറന്‍സി നിരോധിച്ചതോടെ ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടാക്കിയതും ഈ മേഖലയിലാണ്. പണിയില്ലാത്തതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങുകയാണ്.
കെട്ടിടനിര്‍മ്മാണത്തിന് ആവശ്യമായ ഇഷ്ടിക, കരിങ്കല്ല്, എംസാന്റ് എന്നിവ യൊക്കെ നേരിട്ട് പണം കൊടുത്ത് വാങ്ങുന്നവയാണ്. ഇഷ്ടികക്കളങ്ങളിലൊന്നും കാര്‍ഡ് സ്വീപിങ് മെഷീനുകളില്ല. പണം കൊടുത്താല്‍ മാത്രമേ സാധനം ലഭിക്കു. കടം വാങ്ങാമെന്ന് കരുതിയാലും നടക്കില്ല. കാരണം, ഈ പ്രതിസന്ധി എന്ന് പരിഹരിക്കപ്പെടുമെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല. അതിനാല്‍ വാങ്ങല്‍- വില്‍പ്പന നടക്കുന്നില്ല. പഴയനോട്ട് ആരും സ്വീകരിക്കുന്നില്ല. ജോലിക്കാര്‍ക്ക് പഴയ നോട്ട് നല്‍കിയാല്‍ അടുത്ത ദിവസം അവര്‍ ജോലിക്ക് വരില്ല. ഒന്നുകില്‍ നോട്ട് മാറാന്‍ ബാങ്കിലേക്ക് പോകും. അല്ലെങ്കില്‍ പഴയ നോട്ട് പേടിച്ച് ജോലിക്കും വരില്ല.
പണത്തിന്റെ വരവ് നിലച്ചതോടെ പുതിയതായി സ്ഥലം വാങ്ങി വീട് കെട്ടുന്നതും പൂര്‍ണമായും നിലച്ചു. സ്ഥലം രജിസ്‌ട്രേഷനുകള്‍ നടക്കുന്നില്ല. ഇതോടെ സാധാരണക്കാര്‍ വീട് നിര്‍മ്മാണവും ഉപേക്ഷിക്കുകയാണ്. ഗള്‍ഫില്‍ നിന്നുള്ള പണം വരവ് നിലച്ചതോടെ ഇവരുടെ ചെറുനിക്ഷേപം കൊണ്ടുള്ള നിര്‍മ്മാണങ്ങളൊന്നും നടക്കുന്നില്ല. പലതും പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. സഹകരണ ബാങ്കുകളെ നിര്‍വീര്യമാക്കിയതോടെ ഗ്രാമീണ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചു. ചെറുകിട വായ്പകള്‍ ഏറ്റവും കൂടുതല്‍ നല്‍കുന്ന സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം നിയന്ത്രിച്ചതിനാല്‍ ഗ്രാമങ്ങളില്‍ പാവങ്ങളുടെ വീട് നിര്‍മ്മാണവും പാതിവഴിയിലായി. സഹകരണ സംഘങ്ങളുടെ നിക്ഷേപം ഏറ്റവുമധികം ഉള്ളത് ഗ്രാമപ്രദേശങ്ങളിലാണ്.
പ്രതിസന്ധി ഈ നിലയില്‍ തുടര്‍ന്നാല്‍ ജനുവരിയാകുമ്പോഴേക്കും നിര്‍മ്മാണമേഖല പൂര്‍ണമായും നിലയ്ക്കും. ഇപ്പോള്‍ത്തന്നെ ജോലിയില്ലാത്തതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിടുകയാണ്. തദ്ദേശീയരായ വര്‍ക്കും ജോലിയില്ലാത്ത അവസ്ഥയാണ്. വിവിധ മേഖലകളില്‍ നിന്നുള്ള നിക്ഷേപമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ പിടിച്ചു നിര്‍ത്തുന്നത്. പുതിയ സാമ്പത്തിക പരിഷ്‌കാരം വന്നതോടെ മേഖല അനിശ്ചിതാവസ്ഥയായി. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് ലെന്‍സ്‌ഫെഡ് പോലുള്ള സംഘടനാ നേതാക്കള്‍ പറയുന്നത്. സംസ്ഥാന പിആര്‍ഒ ആര്‍. കെ. മണിശങ്കര്‍ പറയുന്നു. വലിയ പര്‍ച്ചേഴ്‌സുകള്‍ക്ക് ചെക്ക് കൊടുക്കാമെങ്കിലും ബാങ്കില്‍ നിന്ന് തുക പിന്‍വലിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ വന്‍കിട കച്ചവടക്കാരും പ്രതിസന്ധിയിലാണ് നിര്‍മ്മാണമേഖലയിലെ തൊഴിലാളികളുടെ ജീവിതദുരിതം ഇരട്ടിയാക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്‌കാരമെന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ അഭിപ്രായപ്പെടുന്നു. കറന്‍സി നിരോധനം മൂലം നിര്‍മ്മാണമേഖല പ്രതിസന്ധിയിലായതോടെ തൊഴിലാളികളും കരാര്‍ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ ഏറെ ദുരിതത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."