കിണറുകളിലെ ജലം പരിശോധിക്കുന്നു
തേഞ്ഞിപ്പലം: മൂന്നിയൂര്‍, ചെര്‍ന്നൂര്‍, തയ്യലക്കടവ് ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധി വ്യാപകമായതിനെത്തുടര്‍ന്ന് പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ ജലത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു.
പ്രദേശത്തെ മദ്‌റസയിലേക്ക് വെള്ളമെത്തുന്ന കിണറിലെ വെള്ളവും മറ്റുചില കിണറുകളിലെ വെള്ളവുമാണ് പരിശോധന യ്ക്കായി ശേഖരിച്ചത്. പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്നതായി ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
പത്തിലേറെ വിദ്യാര്‍ഥികളിലും നിരവധി വീട്ടുകാരിലുമാണ് രോഗലക്ഷണങ്ങള്‍ കാണപ്പെട്ടത്. പനി, ഛര്‍ദി,ക്ഷീണം എന്നിവ കണ്ടു തുടങ്ങിയതോടെ തന്നെ രോഗികളെ വിദഗ്ധ ചികിത്സയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കിണറുകളിലെ വെള്ളം പരിശോധിക്കുന്നത്.
പ്രദേശത്തെ ജലസ്രോതസുകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നേരത്തേ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണ നോട്ടിസ് വിതരണം നടത്തുകയും ചെയ്തിരുന്നു.
മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുമ്പോഴും പ്രദേശത്തെ തോട്ടില്‍ കെട്ടിനില്‍ക്കുന്ന മലിന ജലം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്തെ ഔഞ്ഞിതറ തോട്ടിലാണ് വെള്ളം ഒഴുകിപോകാന്‍ സൗകര്യമില്ലാതെ കെട്ടിനില്‍ക്കുന്നത്. പുഴയില്‍ നിന്നും ഉപ്പുവെള്ളം കയറാതിരിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തോട്ടില്‍ നിര്‍മിച്ച തടയിണ പ്രവര്‍ത്തന രഹിതമായതും തടയിണയുടെ അടിഭാഗത്ത് വെള്ളം ഒഴുക്കിവിടാന്‍ സൗകര്യം ചെയ്യാത്തതുമാണ് തോട്ടില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ കാരണം. വേസ്റ്റുകള്‍ തള്ളുന്നത് കാരണം വെള്ളം ഇപ്പോള്‍ മലിനവുമായി.
മലിനജലം ഒഴുക്കി വിടാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."