അതിജീവനത്തിന് കരുത്തേകി ഭിന്നശേഷി ദിനാചരണം
പെരിന്തല്‍മണ്ണ: ആടിയും പാടിയും വരകളാലും വര്‍ണ്ണങ്ങളാലും വിസ്മയം തീര്‍ത്തും അവരൊത്തുചേര്‍ന്നപ്പോള്‍ പകര്‍ന്നു കിട്ടിയത് അതിജീവനത്തിനുള്ള കരുത്ത്. പെരിന്തല്‍മണ്ണ ബി.ആര്‍.സി സംഘടിപ്പിച്ച ഭിന്നശേഷിദിനാചരണമാണ് പരിമിതികളെല്ലാം മറന്ന് തങ്ങളുടെ കഴിവുകള്‍ പങ്കുവയ്ക്കുവാന്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അവസരമൊരുക്കിയത്.
പെരിന്തല്‍മണ്ണ നഗരസഭയുടെ സാന്ത്വനം അംഗങ്ങളും കൂടെ ചേര്‍ന്നപ്പോള്‍ കുട്ടികള്‍ക്ക് ആവേശമായി. സസ്‌നേഹം എന്ന പേരില്‍ ബി.ആര്‍.സി ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായിരുന്നു ദിനാചരണം.
പെരിന്തല്‍മണ്ണ ബി.ആര്‍.സിയും നഗരസഭയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പുലാമന്തോള്‍, ഏലംകുളം, താഴേക്കോട്, ആലിപ്പറമ്പ്, വെട്ടത്തൂര്‍, കുഴാറ്റൂര്‍, മേലാറ്റൂര്‍, എടപ്പറ്റ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ പി.ടി ശോഭന അധ്യക്ഷയായി. വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍, മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കമലം, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സിനി, നഗരസഭാ കൗണ്‍സിലര്‍മാരായ കാരയില്‍ സുന്ദരന്‍, അമ്പിളി മനോജ്, എ.ഇ.ഒമാരായ കെ.ജെ അജിത്‌മോന്‍, കെ.ടി സുലൈഖ, ഡയറ്റ് ഫാക്കല്‍റ്റി കെ മുഹമ്മദ് ബഷീര്‍, മീര രാമദാസ്, പെരിന്തല്‍മണ്ണ ടൗണ്‍ ലയണ്‍സ് ക്ലബ് പ്രതിനിധികളായ രമേശ് കോത്തായപ്പുറത്ത്, പ്രസാദ് എന്നിവര്‍ സംസാരിച്ചു. ബി.പി.ഒ പി മനോജ്കുമാര്‍ സ്വാഗതവും ട്രെയിനര്‍ ടി.വി മോഹനകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ദേശീയ ശിശുക്ഷേമ അവാര്‍ഡ് - 2015 വ്യക്തിഗത ജേതാവ് കെ.ആര്‍ രവി, ശാസ്ത്രമേളയില്‍ ജില്ലാതലത്തില്‍ എ ഗ്രേഡ് നേടിയ പി അക്ഷയ്, പി.ടി മുഹമ്മദ് യഫ്‌ലം എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."