ഇടവഴി തടസപ്പെടുത്തിയ പൈപ്പ് ലൈനുകള്‍ മാറ്റണമെന്നാവശ്യം
ബാലുശ്ശേരി: നന്മണ്ട പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് തെക്കയില്‍ ഹരിജന്‍ കോളനിയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച പൈപ്പ് ലൈനുകള്‍ വഴിയാത്രികര്‍ക്ക് തടസമുണ്ടാക്കുന്നു. പൈപ്പ് ലൈനുകള്‍ കാല്‍നട യാത്രയ്ക്ക് തടസമില്ലാത്ത രീതിയില്‍ മാറ്റി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പതിനഞ്ചോളം കുടുംബങ്ങളുടെ ഏക മാര്‍ഗം തടസപ്പെടുത്തിയാണ് പൈപ്പുകള്‍ സ്ഥാപിച്ചത്. കരായില്താഴം കിണറില്‍ നിന്നാണ് കോളനിയിലേക്കുള്ള കുടിവെള്ളമെത്തിക്കുന്നത്. നാഷനല്‍ റോഡിലൂടെ നേര്‍വഴി ഉണ്ടായിട്ടും കരാറുകാരന് ഇടവഴി തടസപ്പെടുത്തി പൈപ്പുകള്‍ സ്ഥാപിച്ചതില്‍ ദുരൂഹതയുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു.
നഴ്സറി കുട്ടികളും പ്രായമായവരും പൈപ്പ് ലൈനുകള്‍ക്കിടയിലൂടെ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് പല തവണ പരാതിപ്പെട്ടെങ്കിലും നടപടിയായില്ല. നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."