വിമാനത്താവളത്തില്‍ നിന്നും ആയുധങ്ങളും ഗുളികകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്നും എയര്‍ പിസ്റ്റള്‍ അടക്കമുള്ള ആയുധങ്ങളും, ഗുളികകളും കണ്ടെത്തിയ സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങളുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്. വിമാനത്താവളത്തില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നും എയര്‍ പിസ്റ്റള്‍ കൂടാതെ ഒരു വാക്കത്തി, ഒരു കത്തി ഏതാനും ഗുളികകള്‍ എന്നിവയാണ് കണ്ടെത്തിയിരുന്നത്.അടുത്തിടെയായി വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം ആയുധങ്ങളുമായി വിമാനത്താവളത്തില്‍ എത്തിയത് എന്തിനായിരിക്കുമെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിമാനത്താവളത്തില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ച് വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഈ സമയം ടാക്‌സി സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍മാര്‍ അടക്കമുള്ള ചിലരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഏതെങ്കിലും മയക്കുമരുന്ന് മാഫിയകള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
അടുത്തിടെയായി വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബാഗില്‍ നിന്നും കണ്ടെത്തിയ ടാബ് ലറ്റുകള്‍ മയക്കുമരുന്നായും ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തലുകളെ തുടര്‍ന്നാണ് അന്വേഷണം ഈ മേഖലയിലേക്കും വ്യാപിച്ചിരിക്കുന്നത്. മയക്കുമരുന്ന് വാങ്ങാന്‍ എത്തുന്നവര്‍ വിതരണക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ യദാര്‍ത്ഥ തോക്കാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള എയര്‍ പിസ്റ്റളും, മറ്റ് ആയുധങ്ങളും കാണിച്ച് ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്നും തോക്ക് കണ്ടെത്തിയതും പരിഭ്രാന്തി പരത്തിയിരുന്നു. എന്നാല്‍ ഇതും എയര്‍ പിസ്റ്റള്‍ വിഭാഗത്തിലുള്ളതാണെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.
ഇതേക്കുറിച്ചുള്ള അന്വേഷണവും ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. അന്നും സി.സി ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പൊലിസ് അന്വേഷണം നടത്തിയെങ്കിലും പിസ്റ്റള്‍ ബാത്ത് റൂമില്‍ ഉപേക്ഷിച്ചയാളെ കണ്ടെത്താനായിരുന്നില്ല. വിമാനത്താവളത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതിന് വേണ്ടി ആരെങ്കിലും മനപ്പൂര്‍വം ചെയ്യുന്നതാണോ ഇത്തരം പ്രവര്‍ത്തികളെന്നും പൊലിസ് സംശയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."