ഹര്‍ഡില്‍സില്‍ അനസും അനിലയും; രാമചന്ദ്രന്‍ മാഷ് ഹാപ്പിയാണ്
തേഞ്ഞിപ്പലം: ഹര്‍ഡില്‍സിനു മീതേ പറന്ന് മുഹമ്മദ് അനസും അനില വേണുവും മിന്നും താരങ്ങളായപ്പോള്‍ രാമചന്ദ്രന്‍ മാഷിനു അഭിമാനത്തിന്റെ നിമിഷങ്ങള്‍. കല്ലടിയ്ക്ക് മാത്രമല്ല പാലക്കാടിനും ഹര്‍ഡില്‍സിലെ ഇരട്ട സ്വര്‍ണ നേട്ടം ആഘോഷത്തിന്റേതായി. പരുക്കില്‍ നിന്നു മോചിതനായി എത്തിയാണ് മുഹമ്മദ് അനസ് സ്വര്‍ണത്തിലേക്ക് ഓടിച്ചാടി കുതിച്ചത്. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 54.07 സെക്കന്റില്‍ പറന്നെത്തി അനായാസ വിജയമാണ് മുഹമ്മദ് അനസ് നേടിയത്. തൃശൂര്‍ സായിയിലെ ജോയി തോമസ് 54.81 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ ശ്രീനാഥ് എം.കെ (54.92) വെങ്കലവും നേടി.
വയറിനേറ്റ പരുക്കിനെ തുടര്‍ന്ന് ചികിത്സയും വിശ്രമവുമായി കഴിഞ്ഞ മുഹമ്മദ് അനസ് ഒന്നര മാസം മുന്‍പാണ് ട്രാക്കിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് വില്ലനായി പരുക്കെത്തിയത്. ചികിത്സ പൂര്‍ത്തിയാക്കി ആദ്യ മീറ്റിനിറങ്ങിയ അനസ് ഒടുവില്‍ സ്വര്‍ണം കൊയ്ത് തനിക്ക് രക്ഷകരായി മാറിയ ഡോക്ടര്‍ക്കും പരിശീലകനായ രാമചന്ദ്രനും സ്വര്‍ണത്തിലൂടെ ദക്ഷിണ നല്‍കി. ഒറ്റപ്പാലം കണ്ണിയംപുറം കള്ളിയത്ത് മുഹമ്മദ് ഹനീഫ്- ആയിഷ ദമ്പതികളുടെ മകനാണ് മുഹമ്മദ് അനസ്. കല്ലടി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ മുഹമ്മദ് അനസ് തന്റെ അവസാന സ്‌കൂള്‍ മീറ്റ് അവിസ്മരണീയമാക്കി.
അവസാന നിമിഷങ്ങളിലെ മുന്നേറ്റത്തിലൂടെയായിരുന്നു അനില വേണുവിന്റെ സ്വര്‍ണ കുതിപ്പ്. കല്ലടി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ അനില വേണു 1.03.32 സെക്കന്റിലായിരുന്നു നേട്ടത്തിലെത്തിയത്. 1.03.78 സെക്കന്റില്‍ ഫിനിഷ് ചെയ്ത് തിരുവനന്തപുരം സായിയിലെ എസ് അര്‍ഷിത വെള്ളിയും പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ കെ വിന്‍സി (1.03.78) വെങ്കലവും നേടി. കഴിഞ്ഞ സംസ്ഥാന കായിക മേളയില്‍ ഹീറ്റ്‌സില്‍ വീണു പോയ അനില എഴുന്നേറ്റ് ഓടിയെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. അതിനുള്ള മധുര പ്രതികാരം കൂടിയായി ഇന്നലത്തെ സുവര്‍ണ നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."