റിലേ ട്രാക്കില്‍ റെക്കോര്‍ഡിന്റെ തിളക്കം
തേഞ്ഞിപ്പലം: ആവേശ ട്രാക്കില്‍ റെക്കോര്‍ഡിന്റെ സുവര്‍ണ തിളക്കവുമായി റിലേ പോരാട്ടം. 4-100 മീറ്റര്‍ റിലേയില്‍ കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്താണ് കോഴിക്കോടിന്റെ ജൂനിയര്‍ പെണ്‍കുട്ടികളും എറണാകുളത്തിന്റെ സീനിയര്‍ ആണ്‍കുട്ടികളും പുതിയ റെക്കോര്‍ഡിലേക്ക് ബാറ്റണുമായി പറന്നത്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് സ്വര്‍ണം നേടി. ഉഷ സ്‌കൂളിലെ താരങ്ങളായ ടി സൂര്യാമോള്‍, ബിസ്മി ജോസഫ്, ആദിത്യ, പൂല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്.എസിലെ അപര്‍ണ റോയ് എന്നിവര്‍ ഉള്‍പ്പെട്ട ടീം 49.23 സെക്കന്റില്‍ റെക്കോര്‍ഡോടെ പൊന്നണിഞ്ഞു. 1988 ല്‍ കണ്ണൂര്‍ ടീം സ്ഥാപിച്ച 49.30 സെക്കന്റ് സമയമാണ് കോഴിക്കോടിന്റെ താരങ്ങള്‍ പഴങ്കഥയാക്കിയത്. 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടത്. 50.80 സെക്കന്റില്‍ കോട്ടയം വെള്ളിയും 51.07 സെക്കന്റില്‍ ഇടുക്കി ടീം വെങ്കലവും നേടി.
സീനിയര്‍ ആണ്‍കുട്ടികളില്‍ എറണാകുളത്തിന്റെ എബിന്‍ ജോസ്, ഷെറിന്‍ മാത്യു, അഖില്‍, നിബിന്‍ ബൈജു എന്നിവരാണ് 42.50 സെക്കന്റില്‍ പുതിയ റെക്കോര്‍ഡുമായി പൊന്നു നേടിയത്. 2010 ല്‍ കോട്ടയം ടീം സ്ഥാപിച്ച 42.63 സെക്കന്റിന്റെ റെക്കോര്‍ഡാണ് അയല്‍ക്കാര്‍ തകര്‍ത്തത്. പാലക്കാട് വെള്ളിയും തൃശൂര്‍ വെങ്കലവും നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ റിലേയില്‍ പാലക്കാട് ടീം സ്വര്‍ണ കുതിപ്പ് നടത്തി. കെ വിന്‍സി, എം അഞ്ജന, വിനി, അഞ്ജലി ജോണ്‍സണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീം 49.33 സെക്കന്റിലാണ് ഫിനിഷ് ലൈന്‍ കടന്നത്. 51.10 സെക്കന്റില്‍ കണ്ണൂര്‍ വെള്ളിയും 51.22 സെക്കന്റില്‍ കൊല്ലം വെങ്കലവും നേടി.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് സ്വര്‍ണം നേടി. നിജില്‍ കൃഷ്ണന്‍, കെ സനൂപ്, സുമിന്‍ സുരേഷ്, അഖില്‍ പി.എസ് എന്നിവരാണ് പാലക്കാടിനെ 44.41 സെക്കന്റില്‍ ഓടിയെത്തി സ്വര്‍ണത്തിലേക്ക് നയിച്ചത്. 45.03 സെക്കന്റില്‍ കോട്ടയം വെള്ളിയും 45.65 സെക്കന്റില്‍ തൃശൂര്‍ വെങ്കലവും നേടി.
സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ 54.77 സെക്കന്റില്‍ ഇടുക്കി സ്വര്‍ണത്തിലേക്ക് ബാറ്റണേന്തി. നന്ദന സുരേഷ്, അനുശ്രി ബാബു, ദിവ്യഭാരതി, രശ്മി ജയരാജ് എന്നിവരാണ് ഇടുക്കിക്കായി ട്രാക്കില്‍ കുതിപ്പ് നടത്തിയത്. 54.92 സെക്കന്റില്‍ എറണാകുളം വെള്ളിയും 54.98 തിരുവനന്തപുരം വെങ്കലവും നേടി. ഇതേ വിഭാഗം ആണ്‍കുട്ടികളില്‍ 48.38 സെക്കന്റില്‍ ഫിനിഷ് ചെയ്ത കൊല്ലം ടീം സ്വര്‍ണ കുതിപ്പ് നടത്തി. ബിന്‍ഷാദ്. എസ്, ആബിദ് സഫര്‍, റോബിന്‍ ജോണ്‍സണ്‍, നീരജ് ബി.എ എന്നിവരാണ് പാലക്കാടിന്റെയും എറണാകുളത്തിന്റെയും വെല്ലുവിളി മറികടന്ന് കൊല്ലത്തിനായി പൊന്നണിഞ്ഞത്. 48.83 സെക്കന്റില്‍ പാലക്കാട് വെള്ളിയും 49.14 സെക്കന്റില്‍ എറണാകുളം വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."