ഹര്‍ഡില്‍സിനു മീതേ അപര്‍ണയ്ക്ക് റെക്കോര്‍ഡിന്റെ തിളക്കം
തേഞ്ഞിപ്പലം: ഹര്‍ഡില്‍സിനു മേലെ മന്ദഹാസവും കണ്ണീരും ആവേശം തീര്‍ത്ത ട്രാക്കില്‍ അപര്‍ണയുടെ റെക്കോര്‍ഡ് തിളക്കം. 100 മീറ്ററിലും ലോങ് ജംപിലും മോഹിച്ച പ്രകടനത്തിനു കഴിയാതിരുന്ന അപര്‍ണ റോയ് ഹര്‍ഡില്‍സിനു മേലെ ഓടിച്ചാടി റെക്കോര്‍ഡ് തിരുത്തി സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് അപര്‍ണ പുതിയ സമയം സ്വന്തം പേരിലെഴുതി ചേര്‍ത്തത്. 14.29 സെക്കന്റില്‍ ഫിനിഷ് ചെയ്ത അപര്‍ണ 2013 ല്‍ കോട്ടയത്തിന്റെ ഡൈബി സെബാസ്റ്റ്യന്‍ സ്ഥാപിച്ച 14.93 സെക്കന്റ് സമയം പഴങ്കഥയാക്കി ദേശീയ റെക്കോര്‍ഡ് മറിക്കടന്ന പ്രകടനം നടത്തി.
ഹര്‍ഡില്‍സ് വില്ലനായ പോരില്‍ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ മലപ്പുറത്തിന്റെ സഹദ് 14.88 സെക്കന്റില്‍ ഒന്നാമനായി. സഹദ് ഐഡിയല്‍ കടകശ്ശേരി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. സീനിയര്‍ പെണ്‍കുട്ടികളില്‍ കോട്ടയം ഭരണങ്ങാനം സെന്റ് മേരി ജി.എച്ച്.എസ്.എസിലെ അഞ്ജലി തോമസ് 15.19 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ കോഴിക്കോടിന്റെ മുഹമ്മദ് ലസാന്‍ ആദ്യ സ്വര്‍ണം നേടി തന്റെ വരവറിയിച്ചു.
സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ താരമായ ലസാന്‍ 13.73 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് മീറ്റില്‍ സബ്ജൂനിയര്‍ 80 മീ. ഹര്‍ഡില്‍സില്‍ സ്വര്‍ണ ജേതാവാണ് ലസാന്‍. ആണ്‍കുട്ടികളുടെ സബ്ജൂനിയര്‍ വിഭാഗത്തില്‍ മാര്‍ബേസില്‍ താരം വാരിഷ് ബോഗിമയൂം 11.44 സെക്കന്റ് സമയത്തിലും പെണ്‍കുട്ടികളില്‍ കോട്ടയം കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസ് താരം ജോസ്‌ന ജോസഫ് 13.20 സെക്കന്റില്‍ സുവര്‍ണ നേട്ടം കൊയ്തു.
110 മീറ്റര്‍ മത്സരത്തിനു വച്ച ഹര്‍ഡിലുകള്‍ ചതിച്ചപ്പോള്‍ താരങ്ങള്‍ക്ക് നഷ്ടം മെഡല്‍ മാത്രമായിരുന്നില്ല. മൂന്നു താരങ്ങള്‍ക്ക് കണ്ണീരും പരുക്കുമായാണ് ട്രാക്ക് വിടേണ്ടി വന്നത്. ജൂനിയര്‍ വിഭാഗം മത്സരത്തിനു ശേഷം ഒരു നിരയിലെ ഹര്‍ഡില്‍ ക്രമീകരിക്കുന്നതില്‍ സംഘാടകര്‍ക്കുണ്ടായ വീഴ്ചയാണ് മൂന്നു താരങ്ങളുടെയും വീഴ്ചയ്ക്ക് വഴിയൊരുക്കിയതെന്ന ആരോപണം മത്സര ശേഷം ഉയര്‍ന്നു. ഇതു പരിശോധിക്കും മുന്‍പേ ഹര്‍ഡിലുകള്‍ ട്രാക്കില്‍ നിന്നു എടുത്തു മാറ്റി സംഘാടകര്‍ ആരോപണത്തില്‍ നിന്നു തലയൂരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."