പാട്ടക്കുടിശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ 1.29 ഏക്കര്‍ ഏറ്റെടുക്കും
കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.
കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ലക്കാണ് ചുമതല. 2007 വരെയുള്ള പാട്ടക്കുടിശിക പലിശ സഹിതം ഈടാക്കണമെന്നും സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമായാണ് ഉത്തരവു നടപ്പാക്കേണ്ടത്.
ബ്രിട്ടീഷ് ഭരണകാലത്ത് 1853ലാണ് ഈ സ്ഥലം 99 വര്‍ഷം കാലാവധിയില്‍ ആസ്പിന്‍വാള്‍ കമ്പനിക്കു പാട്ടത്തിന് നല്‍കിയത്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ പാട്ടനിരക്ക് പുതുക്കി. 1995 മുതലുള്ള കുടിശ്ശിക അടയ്ക്കുന്നതില്‍ ഇളവും അനുവദിച്ചു.
പാട്ടനിരക്ക് പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള നിയമഭേദഗതിക്കെതിരേ ആസ്പിന്‍വാള്‍ കമ്പനി 2006ല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 40 ലക്ഷം രൂപ അടച്ച കമ്പനി, സര്‍ക്കാരിന്റെ മുന്‍ ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു.
തുടര്‍ന്ന് പാട്ടക്കുടിശിക അടയ്ക്കാനാവശ്യപ്പെട്ട് കൊച്ചി തഹസില്‍ദാര്‍ നോട്ടിസ് നല്‍കി. ഇതിനെതിരെ കമ്പനി വീണ്ടും കോടതിയെ സമീപിച്ചു. ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഹിയറിങ് നടത്തിയ ശേഷം കമ്പനിയുടെ ആവശ്യം സര്‍ക്കാര്‍ വീണ്ടും തള്ളി. പാട്ടത്തിന് നല്‍കിയിരിക്കുന്ന ഭൂമി ആസ്പിന്‍വാള്‍ കമ്പനി ദുരുപയോഗം ചെയ്യുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."