നോട്ട് പ്രതിസന്ധിക്കു നടുവിലും ആശ്വാസമായി പച്ചക്കറിവില
തൊടുപുഴ: നോട്ട് പ്രതിസന്ധിക്കു നടുവിലും അടുക്കള ബജറ്റിന് ആശ്വാസം പകര്‍ന്നു പച്ചക്കറിവില കുറഞ്ഞുതന്നെ. രണ്ടാഴ്ചയിലേറെയായി പച്ചക്കറിവില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. മുരിങ്ങക്കായുടെ വിലയില്‍ മാത്രമാണു വര്‍ധനവുണ്ടായതെന്നു വില്‍പനക്കാര്‍ പറയുന്നു.
ഒരു കിലോഗ്രാം തക്കാളിക്ക് 20 രൂപയാണു ചില്ലറവില. കാരറ്റിനാകട്ടെ 30-34 രൂപയും. ബീന്‍സിനു കിലോഗ്രാമിന് 30, പച്ചമുളക് 30, വെണ്ടയ്ക്ക 20, പടവലം 30, ചുവന്നുള്ളി 30, സവാള 20, ഇഞ്ചി 50, കാബേജ് 30, പാവയ്ക്ക 36, വെള്ളരിക്ക 20, മത്തങ്ങ 20, കോവയ്ക്ക 20-30, വള്ളിപ്പയര്‍ 40, വഴുതനങ്ങ 30 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ തൊടുപുഴ മേഖലയിലെ ചില്ലറ വില്‍പന. മുരിങ്ങക്കാ വില കുതിച്ചുയര്‍ന്നു കിലോഗ്രാമിന് 100 രൂപയായി. ഒരുമാസം മുന്‍പു കിലോഗ്രാമിന് 40 രൂപയായിരുന്നു മുരിങ്ങക്കാ വില.
വെളുത്തുള്ളി വിലയും ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. കിലോഗ്രാമിന് 160 രൂപയാണു വെളുത്തുള്ളിക്കു ചില്ലറ വില്‍പനക്കാര്‍ ഈടാക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ പച്ചക്കറി വില്‍പനകേന്ദ്രങ്ങളെ പ്രതിസന്ധിയിലാക്കിയതായി കച്ചവടക്കാര്‍ പറയുന്നു. പച്ചക്കറി വില്‍പനയില്‍ ഗണ്യമായ കുറവുണ്ടായതായും ഇവര്‍ പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ മണ്ഡലകാലമാകുമ്പോള്‍ പച്ചക്കറിവില ഉയരാറുണ്ടെങ്കിലും ഇക്കുറി വില മാറ്റമില്ലാതെ തുടരുകയാണ്. വില്‍പന കുറഞ്ഞതാണു വില കുറയാന്‍ കാരണമായി പറയുന്നത്. സംസ്ഥാനത്തു പച്ചക്കറി ഉല്‍പാദനം വര്‍ധിച്ചതോടെ ജനങ്ങള്‍ക്കിടയില്‍ നാടന്‍ പച്ചക്കറികള്‍ക്കു പ്രിയമേറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."