വാഴ്ത്തുപാട്ടില്‍ വീഴാതെ
കോഴിക്കോട്: അധികാരസ്ഥാനത്തുള്ള ഭൂരിഭാഗം പേരും സുഖിപ്പിക്കുന്ന ഒരു വിഭാഗമാണ് മാധ്യമപ്രവര്‍ത്തകര്‍. അവരെ പിണക്കാന്‍ ഭൂരിഭാഗം പേരും ശ്രമിക്കാറില്ല.
അബദ്ധവശാല്‍ അങ്ങനെയുണ്ടായാല്‍ തന്നെ പിന്നീട് അവരെ പാട്ടിലാക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. എന്നാല്‍ അസാമാന്യമായ ആത്മവിശ്വാസക്കാരിയായിരുന്ന ജയലളിത വ്യതിരിക്തമായ അവരുടെ മറ്റ് സ്വഭാവങ്ങള്‍ പോലെതന്നെ മാധ്യമങ്ങള്‍ക്കു വലിയ പരിഗണന നല്‍കിയിരുന്നില്ല. അവരെ സന്തോഷിപ്പിക്കാനും സുഖിപ്പിക്കാനും സമയം കൊടുത്തതേ ഇല്ല. ബി.ബി.സി ചാനല്‍ 2004 സെപ്റ്റംബറില്‍ നടത്തിയ ഒരു അഭിമുഖം മാത്രം മതി ജയലളിതയുടെ അസാമാന്യ കരുത്തും കൂസലില്ലായ്മയും സകല വിഷയങ്ങളിലും അവര്‍ക്കുള്ള അറിവും മനസിലാകാന്‍.
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ഥാപ്പറായിരുന്നു ജയയെ ഇന്റര്‍വ്യൂ ചെയ്തത്. ബി.ബി.സി വേള്‍ഡിന്റെ ഹാര്‍ഡ് ടോക്ക് എന്ന പരിപാടിയുടെ നിര്‍മാതാവ് അശോക് ഉപാധ്യായയ്ക്ക് മാസങ്ങള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് ജയയുമായി അഭിമുഖത്തിനുള്ള തിയതി ലഭിച്ചത്.
തമിഴ് നാട് സെക്രട്ടേറിയറ്റായ ചെന്നൈയിലെ സെന്റ് ജോര്‍ജ് ഫോര്‍ട്ടിലായിരുന്നു അഭിമുഖം. രാവിലെ അഭിമുഖത്തിനായി എത്തിയവര്‍ക്ക് കാണാന്‍ കഴിഞ്ഞത് ചുമരില്‍ അനേകം പെയിന്റിങ്ങുകളും മേശപ്പുറത്ത് നിരവധി പൂച്ചെണ്ടുകളും.
സര്‍വപ്രതാപങ്ങളും ആവാഹിച്ച ഭാവങ്ങളോടെ പുരൈട്ചി തലൈവി കടന്നുവന്നപ്പോള്‍ അവരുടെ കാല്‍ക്കല്‍ വീണും തൊഴുതും സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍. കരണ്‍ ജയയ്ക്ക് ഹസ്തദാനം നല്‍കിയപ്പോള്‍ ചുറ്റുമുണ്ടായിരുന്ന ഉദ്യോഗസ്ഥവൃന്ദം അത്ഭുതത്തോടെയാണ് അത് വീക്ഷിച്ചത്. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് സംഭവിച്ച പരാജയത്തിലൂന്നിയായിരുന്നു കരണ്‍ഥാപ്പറുടെ അഭിമുഖം ആരംഭിച്ചത്. ഒരു ഇടര്‍ച്ചയുമില്ലാതെ ചോദ്യങ്ങള്‍ക്ക് വ്യക്തവും കൃത്യവുമായി വടിവൊത്ത ഇംഗ്‌ളീഷില്‍ ഉത്തരം പറഞ്ഞുകൊണ്ടിരുന്നു ജയലളിത. അതിനിടെ ചോദ്യം മാധ്യമങ്ങളുമായി ബന്ധപ്പെട്ടായി. മാധ്യമങ്ങള്‍ അവരെ വിമര്‍ശിക്കുന്നുണ്ടോ എന്ന രീതിയിലായിരുന്നു ഥാപ്പറിന്റെ ചോദ്യം. തുടര്‍ന്നങ്ങോട്ടുള്ള അഭിമുഖത്തിന്റെ ഭാഗങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
മാധ്യമങ്ങളെ താന്‍ പരിഗണിക്കുന്നില്ലെന്നും അവര്‍ അസത്യം പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞ ജയ പിന്നീട് കരണിന്റെ ചോദ്യങ്ങള്‍ക്ക് തര്‍ക്കുത്തരമെന്നോണമുള്ള മറുപടിയാണ് നല്‍കുന്നത്. അഭിമുഖത്തിന് അവസാനം കരണ്‍ഥാപ്പര്‍ ഹസ്തദാനം നടത്തിയപ്പോള്‍ അത് സ്വീകരിക്കാതെ നമസ്‌തെ പറഞ്ഞ് എഴുന്നേറ്റു പോകുന്ന ജയയെയാണ് കാണുന്നത്.
അഭിമുഖത്തിലെ പ്രസക്തഭാഗം
കരണ്‍ഥാപ്പര്‍: മാധ്യമങ്ങള്‍ താങ്കളെ നിരന്തരം വിമര്‍ശിക്കുന്നതായി തോന്നലുണ്ടോ?
ജയ: തീര്‍ച്ചയായും. തലതൊട്ടപ്പന്‍മാരില്ലാതെ രാഷ്ട്രീയത്തിലേക്ക് വന്നതാണു ഞാന്‍.രാഷ്ട്രീയം എക്കാലവും ആണുങ്ങളുടെ കളിക്കളമായിരുന്നു. ഇന്ദിരാഗാന്ധി അതിനെ മാറ്റിമറിച്ചിട്ടുണ്ട്, ശരിതന്നെ. പക്ഷെ, അവര്‍ക്ക് സ്വാഭാവികമായി ലഭിച്ച അനേകം അനുകൂല ഘടകങ്ങളുണ്ടായിരുന്നു.
കരണ്‍ഥാപ്പര്‍: നിങ്ങള്‍ സ്ത്രീയായതിനാലാണ് എതിര്‍ക്കപ്പെടുന്നത് എന്നാണോ?
ജയ: അതുകൊണ്ടു മാത്രമല്ല, ഏഷ്യയിലെ മറ്റ് വനിതാ നേതാക്കള്‍ക്ക് ലഭിച്ചതു പോലുള്ള അനുകൂല ഘടകങ്ങള്‍ എനിക്കില്ലായിരുന്നു. ഇന്ദിരാഗാന്ധി നെഹ്‌റു കുടുംബത്തിലെ അംഗമായിരുന്നു. ജവഹര്‍ലാലിന്റെ മകള്‍. സിരിമാവോ ഭണ്ഡാരനായകെ ഭണ്ഡാരനായകെയുടെ ഭാര്യ. ബേനസീര്‍ ഭൂട്ടോ സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ മകള്‍.ഖാലിദാ സിയാ സിയാ ഉര്‍ റഹ്മാന്റെ ഭാര്യയായിരുന്നു. ഷെയ്ഖ ഹസീന മുജീബുര്‍ റഹ്മാന്റെ മകള്‍. എനിക്ക് അത്തരം പശ്ചാത്തലം ഒന്നുമില്ലായിരുന്നു. എനിക്കാരും ഒന്നും സ്വര്‍ണത്തളികയില്‍ വച്ച് നീട്ടിത്തന്നില്ല. എല്ലാം ഞാന്‍ ഒറ്റയ്ക്ക് നേടിയെടുത്തതു മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."