കണ്ണൂര്‍ സൗത്ത് റെയില്‍വേ ഗേറ്റ് തകര്‍ന്നു വീണു
കണ്ണൂര്‍: താഴെചൊവ്വ-കണ്ണൂര്‍ സിറ്റി റോഡിലെ കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് ഗേറ്റ് തകര്‍ന്നു വീണു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ തയ്യില്‍ ഭാഗത്തെ ഗേറ്റിന്റെ ഒരു ഭാഗമാണ് റോഡിലേക്കു പൊട്ടി വീണത്. മറ്റു വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാല്‍ അപകടം വഴിമാറി. ഗേറ്റ് തകര്‍ന്നു സിഗ്നല്‍ നിലച്ചതോടെ ട്രെയിനുകള്‍ വൈകിയാണ് ഓടിയത്. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി, കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍, മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ ഏറെ നേരം പിടിച്ചിട്ടതിനു ശേഷമാണ് കടത്തിവിട്ടത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു തൊഴിലാളികള്‍ എത്തി മണിക്കൂറുകളോളം പണിപ്പെട്ടാണ് ഗേറ്റ് പൂര്‍വസ്ഥിതിയിലാക്കിയത്. ഗേറ്റ് തകരാറിലായതോടെ സിറ്റിയില്‍ നിന്നു താഴെ ചൊവ്വയിലേക്കുള്ള ബസുകള്‍ ഗേറ്റിനു സമീപം സര്‍വിസ് നിര്‍ത്തിയതോടെ യാത്രക്കാര്‍ കാല്‍നടയായാണ് താഴെചൊവ്വ ഭാഗത്തെത്തിയത്. അവേരപാലം-എസ്.എന്‍ കോളജ് റോഡിലൂടെ ബൈക്കുകള്‍ കടന്നുപോയെങ്കിലും മറ്റു വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു. കാലപ്പഴക്കം കാരണം തുരുമ്പെടുത്ത ഗേറ്റിന്റെ ഭാഗം പൊടുന്നനെ അടര്‍ന്നു പോവുകയായിരുന്നെന്നു കണ്ണൂര്‍ സ്റ്റേഷന് മാനേജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."