കശുമാവുകള്‍ പൂത്തു തുടങ്ങി: പ്രതീക്ഷയോടെ മലയോരം
ഇരിക്കൂര്‍: കശുവണ്ടി വിരിഞ്ഞു തുടങ്ങിയതോടെ കര്‍ഷക മനസുകളില്‍ ഇനി പ്രതീക്ഷയുടെ നാളുകള്‍. കാലവര്‍ഷം അവസാനിച്ചു വെയിലിനു ചൂടുകൂടിയതു മുതല്‍ തളിരിട്ട കശുമാവുകള്‍ പൂവിട്ടു തുടങ്ങി. ബഡ് കശുമാവ് തോട്ടങ്ങളില്‍ കശുവണ്ടിയും വിരിഞ്ഞു തുടങ്ങി.
സീസണ്‍ തുടക്കത്തില്‍ കിലോഗ്രാമിനു നൂറുരൂപയാണു വില. അതേസമയം, മേഖലയില്‍ ഉല്‍പാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പുഴുശല്യം കാരണം കശുമാവുകള്‍ വ്യാപകമായി നശിച്ചതും ഉല്‍പാദനച്ചെലവിനനുസരിച്ചുള്ള വില ലഭിക്കാത്തതും കശുവണ്ടി കര്‍ഷകരെ കൃഷിയില്‍ നിന്നു പിന്തിരിപ്പിക്കുകയാണ്.
ജനുവരി മാസത്തോടെയാണു കശുവണ്ടിയുടെ വിളവെടുപ്പ് ആരംഭിക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ പൂര്‍ണ വിളവെടുപ്പിനു സജ്ജമാകും. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ കശുവണ്ടിക്കു കിലോയ്ക്ക് 120 രൂപ ലഭിച്ചുവെങ്കിലും വിളവെടുപ്പിനു പാകമായതോടെ 50, 60 രൂപയിലൊതുങ്ങി. മഴയൊന്നു പെയ്തതോടെ വീണ്ടും വില കുത്തനെയിടിഞ്ഞു.
മാറി വരുന്ന സര്‍ക്കാറുകള്‍ക്കു മുന്‍പില്‍ കശുവണ്ടി കര്‍ഷകരുടെ പ്രശ്‌നങ്ങളും കശുവണ്ടി മേഖലയെ സംരക്ഷിക്കുന്നതിനായി കശുമാങ്ങയില്‍ നിന്നു വൈവിധ്യങ്ങളായ ഉല്‍പന്നങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുവാനുള്ള നിര്‍ദേശങ്ങളും മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നു കര്‍ഷകര്‍ പറയുന്നു.
കശുമാവ് കര്‍ഷകരെ രക്ഷിക്കുന്നതിനായി വിളവെടുപ്പിനു മുന്‍പേ തന്നെ സര്‍ക്കാര്‍ തറവില നിശ്ചയിക്കുകയും പുതുതായി കര്‍ഷകരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനായി ആനുകൂല്യങ്ങളുടെ പ്രത്യേക പദ്ധതി തയാറാക്കുകയും ചെയ്യണമെന്നാണു കര്‍ഷകരുടെ അഭിപ്രായം. ഫെബ്രവരി ആദ്യവാരംതന്നെ കശുവണ്ടി വിപണി ഉണരുമെന്ന പ്രതീക്ഷയിലാണു കച്ചവടക്കാരും കര്‍ഷകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."