ജയലളിതയുടെ വേര്‍പാട് മാഹി ജനതയെയും ദുഃഖത്തിലാഴ്ത്തി
മാഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ ഇന്നലെ ഉച്ചക്കു രണ്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ സര്‍വകക്ഷി ഹര്‍ത്താല്‍ ആചരിച്ചു. ദേശീയപതാക താഴ്ത്തിക്കെട്ടി. ബാങ്കുകള്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് അഞ്ചിനു മാഹി മുനിസിപ്പല്‍ മൈതാനിയില്‍ അനുശോചന യോഗം ചേര്‍ന്നു. മാഹി എം.എല്‍.എ രാമചന്ദ്രന്‍, എ.ഐ.ഡി.എം.കെ നേതാവ് സി.കെ ഭാസ്‌ക്കരന്‍, പി.പി വിനോദ്, അഡ്വ. സചീന്ദ്രനാഥ്, വടക്കന്‍ ജനാദ്ദനന്‍, മുഹമ്മദ് അന്‍സില്‍, ചന്ദ്രദാസ്, ഹരീന്ദ്രന്‍ കോറോത്ത്, ജയപാല്‍, ഉണ്ണി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
ജയലളിതയുടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു മാഹിയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പ്രവര്‍ത്തകര്‍ വഴിപാടു നേരുകയും പ്രാര്‍ഥന നടത്തുകയും ചെയ്തിരുന്നു. എ.ഐ.ഡി.എം.കെയുടെ നേതാവ് സി.കെ ഭാസ്‌കരന്‍ കഴിഞ്ഞ ആഴ്ച അപ്പോളോ ആശുപത്രിയിലെത്തി 'അമ്മ'യെ കണ്ടിരുന്നു. 1973 ല്‍ എം.ജി.ആര്‍ മാഹി പള്ളൂര്‍ ഗവ. ഹൈസ്‌കൂള്‍ മൈതാനിയില്‍ വന്നപ്പോള്‍ അന്നുവരെ കണ്ടിട്ടില്ലാത്ത ജനക്കൂട്ടമായിരുന്നു. ഇന്നുവരെ നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം എ.ഐ.ഡി.എം.കെ സ്ഥാനാര്‍ഥികള്‍ മാഹിയില്‍ മത്സരിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ മദ്യത്തിന്റെ സ്വകാര്യ വില്‍പന നിരോധിച്ച വേളയില്‍ മാഹിയിലെ ജനങ്ങളെ രക്ഷിക്കാന്‍ ഭാഷാ സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി കേരളത്തോടു ലയിപ്പിക്കണമെന്നു ജയലളിത ആവശ്യപ്പെട്ടിരുന്നു. മാഹിക്കു ലയനത്തിലൂടെ മാത്രമേ മോചനമുണ്ടാവുവെന്നു ജയലളിത വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ പൊങ്കലിന്നും മറ്റും പാവങ്ങള്‍ക്കു സൗജന്യ അരിയും വസ്ത്രവുമെല്ലാം വിതരണം ചെയ്യുന്ന വേളയില്‍ മാഹിയിലും വിതരണം ചെയ്യാറുണ്ട്. മാഹിയിലെ എ.ഐ.ഡി.എം.കെ പ്രവര്‍ത്തകരും മാഹിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന നൂറു കണക്കിനു തമിഴ് മക്കളുമെല്ലാം ജയലളിതയുടെ നിര്യാണത്തില്‍ ദുഃഖിതരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."