ചവറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് 47 പേര്‍ക്ക് പരുക്കേറ്റു
കൊല്ലം: ദേശീയപാതയില്‍ നീണ്ടകര പരിമണത്തിനു സമീപം ചീലാന്തിമുക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് കണ്ടക്ടര്‍ അടക്കം 47 പേര്‍ക്ക് പരുക്കേറ്റു. സാരമായ പരുക്കുള്ള എട്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയില്‍ 29 പേര്‍ ചികിത്സയിലാണ്. എട്ടു പേരെ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ബസിന്റെ ഡ്രൈവര്‍ ഓടിരക്ഷപെട്ടു.
ഇന്നലെ പകല്‍ 11നാണ് അപകടമുണ്ടായത്. പത്തനംതിട്ടയില്‍ നിന്ന് കൊല്ലത്തേക്ക് നിറയെ യാത്രക്കാരുമായി വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ടൈറ്റാനിയം ജങ്ഷനില്‍ ദേശീയപാതയില്‍ കടന്ന ശേഷം ബസ് അമിത വേഗതയിലായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. എതിരേ വന്ന ഓട്ടോയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് അന്‍പത് മീറ്ററോളം മുന്നോട്ടുപോയ ശേഷം റോഡരികിലെ വൈദ്യുതപോസ്റ്റ് തകര്‍ത്ത് ദേശീയപാതക്ക് കുറുകെ മറിയുകയായിരുന്നു.
യാത്രക്കാരെ ബസിന്റെ വശത്തെ ജാലകങ്ങളിലൂടെയും അകത്ത് കുടുങ്ങിക്കിടന്നവരെ ചില്ല് തകര്‍ത്തും പുറത്തെത്തിച്ചു. തുടര്‍ന്ന് ചവറയില്‍നിന്ന് പൊലിസും അഗ്നിശമന സേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. യാത്രക്കാരില്‍ മിക്കവര്‍ക്കും തലക്കും കാലിനുമാണ് പരുക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."