സ്വര്‍ഗയിലെ റോഡുകളോട് അധികാരികള്‍ കണ്ണടക്കുന്നു
പെര്‍ള: തീര്‍ത്തും പൊട്ടിപ്പൊളിഞ്ഞ് കാല്‍നട പോലും ദുസഹമായ റോഡ്, റോഡരികില്‍ വീഴാനൊരുങ്ങി നില്‍ക്കുന്ന മരങ്ങള്‍. എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത സ്വര്‍ഗയിലേക്കുള്ള വഴി അധികാരികളുടെ കനിവ് കാത്ത് കഴിയുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ ചെലവഴിച്ചുവെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും ഏറ്റവും കൂടുതല്‍ ദുരിതബാധിതരുള്ള പ്രദേശത്തെ റോഡിന്റെ അവസ്ഥ ഇതാണ്. രോഗം കാരണം ബസില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത രോഗികളെയും വൃദ്ധരെയും ആശുപത്രിയില്‍ കൊണ്ടു പോകനായി ഒരു ഓട്ടോറിക്ഷ പോലും ഈ ഭാഗത്തേക്ക് വരാറില്ല എന്നതു രോഗികളെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. പേരില്‍ സ്വര്‍ഗ എന്നാണ് പ്രദേശത്തേിന്റെ പേരെങ്കിലും നരക തുല്യാണിവിടത്തെ റോഡുകളുടെ അവസ്ഥ. സര്‍ക്കാര്‍ ദുരിത ബാധിതരോടു കാട്ടുന്ന കൊടിയ അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണ് റോഡിന്റെ അവസ്ഥ ഇങ്ങനെയാവാന്‍ കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്വര്‍ഗയുമായി ബന്ധിപ്പിക്കുന്ന പെര്‍ള-സൂരംബയല്‍-വാണിനഗര്‍ റോഡിന്റെയും അവസ്ഥ വ്യത്യസ്ഥമല്ല. പൊട്ടിപ്പൊളിഞ്ഞു പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടതു കാരണം ഇവിടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതു പതിവാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞ് വര്‍ഷങ്ങളായിട്ടും അധികൃതര്‍ സ്വീകരിക്കുന്ന അനങ്ങാപ്പാറ നയം കാരണം നാട്ടുകാരുടെ ഇടയില്‍ പ്രതിഷേധവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."