ബാര്‍ജറിലെ അമോണിയം ചോര്‍ച്ച സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍
കൊച്ചി: വൈറ്റില തൈക്കൂടത്ത് വെള്ളിയാഴ്ച്ച വൈകിട്ടുണ്ടായ അമോണിയം ചോര്‍ച്ച തടയുന്നതില്‍ വന്‍ സുരക്ഷ വീഴ്ച്ച ഉണ്ടായതായി വിലയിരുത്തല്‍. വ്യാവസായിക ദുരന്തങ്ങളെ ചെറുക്കുന്നതിനും ലഘൂകരിക്കുന്നതിനും ജില്ല ഭരണ നിര്‍വഹണ സംവിധാനം എത്രകണ്ട് പിന്നിലാണെന്നു ബോധ്യമായ സംഭവമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ചോര്‍ച്ച ആരംഭിച്ച് മണിക്കൂറുകള്‍ കഴി്ഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് പാതിരാത്രി 300 ഓളം കൂടുംബങ്ങളെ പ്രദേശത്ത് നിന്ന് വാഹനങ്ങളില്‍ മാറ്റേണ്ടിവരുകയും 75 ഓളം പേരെ വിവിധ ആശുപത്രികളിലാക്കുകയും ചെയ്യേണ്ടിവന്നു.
വൈകിട്ട് ആറ് മണിയോടെ ആരംഭിച്ച വാതക ചോര്‍ച്ച പരിഹരിക്കാനും മുന്‍കരുതല്‍ എടുക്കാനും വളരെ രാത്രിവരെ വൈകിയത് വലിയ വീഴ്ചയായി. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വാതകചോര്‍ച്ച പൂര്‍ണായി അടയ്ക്കാന്‍ കഴിഞ്ഞത്. ലക്ഷകണക്കിന് ആളുകള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്തുകൂടി യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയാണ് അമോണിയം വഹിച്ചുകൊണ്ടുള്ള ബാര്‍ജറുകളും ടാങ്കര്‍ ലോറികളും നീങ്ങുന്നതെന്നതും ഇന്നലത്തെ സംഭവത്തോടെ വ്യക്തമായി. സംഭവം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടും സുരക്ഷ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ വൈറ്റില ഭാഗത്തേക്കുള്ള വാഹന ഗതാഗതം തടയാനോ അധികൃതര്‍ക്കായില്ല. പരിസരവാസികളെ ഒഴിപ്പിക്കുന്നതിലും പാളിച്ചയുണ്ടായി. കലക്ടര്‍ രാജമാണിക്യം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരത്തിന് ആത്മാര്‍ത്ഥമായി ശ്രമിച്ചെങ്കിലും മുന്‍കരുതലുകളുടെ അഭാവം പ്രകടമായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങേണ്ടി വന്ന അഗ്‌നിശമന സേനാംഗങ്ങളും പൊലീസുകാരും ബോധംകെട്ടതും അവശരായി വീണതും സുരക്ഷ സംവിധാനങ്ങളുടെ പാളിച്ചകള്‍ തുറന്നുകാട്ടി. കനാലുകളുലൂടെ ഹസാഡസ് കെമിക്കല്‍സ് കൊണ്ടുപോകുന്നതിന് കരാര്‍ നല്‍കുന്നതല്ലാതെ ഇതിനുപയോഗിക്കുന്ന വെസ്സലുകളുടെ ഫിറ്റ്‌നസ് അധികൃതര്‍ വേണ്ടവണ്ണം ശ്രദ്ധിക്കാറില്ലെന്ന് പരാതിയുണ്ട്. വെള്ളത്തിലൂടെ വന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സംവിധാനം കൊച്ചിയില്‍ നിലവിലില്ല. ദുരന്ത നിവാരണത്തിന്റെ ഏകോപനച്ചുമതല ആര്‍ക്കെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ടായി. നാട്ടുകാരില്‍ ഒരു വിഭാഗം ജാഗ്രതയോടും വിവേകത്തോടും പ്രതികരിച്ചതാണ് ജനങ്ങളുടെ പരിഭ്രാന്തി വലിയൊരളവു വരെ കുറച്ചത്. ഇടറോഡുകളിലെ വാഹനഗതാഗതം അവര്‍ തന്നെ നിയന്ത്രിക്കുകയായിരുന്നു. ശയ്യാവലംബരായ രോഗികളെയും മറ്റും മാറ്റുന്നതിനും സ്ത്രികളെയും കുട്ടികളെയും ആദ്യമേ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനും നാട്ടുകാര്‍ തന്നെ മുന്‍ഗണന നല്‍കി.
വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു കൊച്ചിയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമുണ്ടായത്. ചമ്പക്കര കനാലിലൂടെ വൈകിട്ട് ആറിനു അമോണിയ ബാര്‍ജ് പോകുമ്പോള്‍ തന്നെ അതിരൂക്ഷമായ ഗന്ധം അനുഭവപ്പെട്ടിരുന്നു.ഇവര്‍ ഈ വിവരം അപ്പോള്‍ തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തു. എന്നിട്ടും വേഗത്തില്‍ സുരക്ഷ മുന്നറിയിപ്പുകള്‍ നാട്ടുകാര്‍ക്ക് നല്‍കാന്‍ അധികൃതര്‍ക്കായില്ല.വാതകച്ചോര്‍ച്ച അടച്ചെന്നറിഞ്ഞ് രാത്രി 12നുശേഷമാണ് പലരും വീടുകളിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."