മാവോയിസ്റ്റ് വേട്ട: കുപ്പുദേവരാജിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി :നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ടയില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
ഏഷ്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും അതിനാല്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
മൃതദേഹത്തിന്റെ പരിശോധന രണ്ട് തവണ പൂര്‍ത്തിയാക്കിയതാണെന്നും പോസ്റ്റ്മോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി പറഞ്ഞത്.
വെടിയേറ്റ് മരിച്ച കുപ്പുദേവരാജിന്റെ സഹോദരനാണ് ഹര്‍ജി സമര്‍പ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ് മോര്‍ട്ടം നടപടിയില്‍ വീഴ്ചയുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ആവശ്യം മഞ്ചേരി കോടതി നേരെത്തെ തള്ളിയതാണ്. ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ട് നല്കാന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് താവളം വളഞ്ഞ് പൊലീസ് നടത്തിയ വെടിവയ്പിലാണ് സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമായ കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവര്‍ കൊല്ലപ്പെട്ടത്.
ദേവരാജിന്റെ മൃതദേഹത്തിനു സമീപം ഒരു കൈത്തോക്ക് കിട്ടിയതല്ലാതെ മാവോയിസ്റ്റ് താവളത്തില്‍ നിന്ന് മറ്റ് ആയുധങ്ങളൊന്നും കിട്ടിയിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ കരുളായി റെയ്ഞ്ചിലെ പടുക്ക വനമേഖലയിലെ ഈങ്ങാറില് പൊലീസ് വെടിവെപ്പിലാണ് രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."