'ഡിവൈഡഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക' ട്രംപ് ടൈം 2016 ലെ വ്യക്തി
ന്യൂയോര്‍ക്ക്: ടൈം മാഗസിന്റെ പേഴ്‌സന്‍ ഒഫ് ദി ഇയര്‍ പുരസ്‌കാരം നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്.
'യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക' (യു.എസ്.എ) എന്നതിനുപകരം 'ഡിവൈഡഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക'യുടെ പ്രസിഡന്റ് എന്ന പേരിലാണ് ഡൊണള്‍ഡ് ട്രംപിനെ പുരസ്‌കാര പ്രഖ്യാപന വേളയില്‍ മാസിക അഭിസംബോധന ചെയ്തത്. തന്നെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത് വിമര്‍ശനമെന്ന നിലയിലായിരിക്കുമെന്നും യു.എസിനെ വിഭജിക്കാന്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ഇതേക്കുറിച്ച് ട്രംപിന്റെ പ്രതികരണം.
ന്യൂയോര്‍ക്കിലെ വ്യവസായിയില്‍ നിന്ന് ഒരു വര്‍ഷത്തിനകം യു.എസ് പ്രസിഡന്റ് പദത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടുവെന്നതാണു ട്രംപിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. നേരത്തെ ടി.വിയിലെ റിയാലിറ്റി ഷോ താരവും തുടര്‍ന്നു റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ ട്രംപ് പെട്ടെന്നാണു യു.എസ് പ്രസിഡന്റ് പദത്തിലേക്കു കുതിച്ചത്.
രണ്ടാം സ്ഥാനത്ത് ഹിലരി ക്ലിന്റനും മൂന്നാമതു ഹാക്കര്‍മാരുമാണ് ഉണ്ടായിരുന്നതെന്ന് ടൈം മാഗസിന്‍ മാനേജിങ് എഡിറ്റര്‍ നാന്‍സി ഗിബ്‌സ് പറഞ്ഞു.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഗായകന്‍ ബിയോണ്‍സ് തുടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരടങ്ങുന്ന 11 അംഗ പട്ടികയില്‍ നിന്നാണു ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ അഭിപ്രായ സര്‍വേ. തന്നെ ടൈം തെരഞ്ഞെടുത്തതു വലിയ ആദരവായി കാണുന്നുവെന്നും അതില്‍ നിരവധി അര്‍ഥതലങ്ങളുണ്ടെന്നും ട്രംപ് പ്രതികരിച്ചു.
നേരത്തേ ജര്‍മന്‍ പ്രസിഡന്റ് ആംഗെലാ മെര്‍ക്കല്‍, ബില്‍, മെലിന്‍ഡ ഗേറ്റ്‌സ്, അഡോള്‍ഫ് ഹിറ്റ്‌ലര്‍, ജോസഫ് സ്റ്റാലിന്‍ എന്നിവരും ടൈം പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."