ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം തുടരുന്നു ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍
കൊട്ടാരക്കര: ഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പണിമുടക്ക് തുടരുന്നതു കാരണം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. മരിച്ച യുവതിയുടെ ബന്ധുക്കള്‍ ഡോക്ടറെ കൈയേറ്റം ചെയ്തന്ന് ആരോപിച്ച് ആശുപത്രിയിലെ വിദഗ്ധ ചികിത്സാ വിഭാഗങ്ങളെല്ലാം പണിമുടക്ക് ആരംഭിച്ചിട്ട് അഞ്ച് ദിവസം പിന്നട്ടു.
അത്യാഹിതവിഭാഗം പേരിന് മാത്രം പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ ആശുപത്രി സ്തംഭനാവസ്ഥയിലാണ്. പ്രസവചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണികളെല്ലാം മറ്റ് ആശുപത്രികളിലേക്ക് പോയിക്കഴിഞ്ഞു. ഓപ്പറേഷനുകള്‍ ചെയ്തുകിടക്കുന്ന രോഗികള്‍ മാത്രമാണ് വാര്‍ഡുകളില്‍ ഉള്ളത്. അവരുടെ കാര്യവും കഷ്ടത്തിലാണ്. സമയത്തിന് മരുന്ന് ലഭിക്കുന്നില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്.
150 പേരെ കിടത്തി ചികിത്സനല്‍കിയിരുന്ന പുരുഷന്മാരുടെ വാര്‍ഡില്‍ ഇന്നലെ 20 പേര്‍മാത്രമാണുള്ളത്. ബാക്കിയെല്ലാവരും ഡിസ്ചാര്‍ജ് വാങ്ങി മറ്റ് ആശുപത്രികളിലേക്കു പോയി. സ്ത്രീകളുടെ വാര്‍ഡുകളിലും വിരലിലെണ്ണാവുന്ന രോഗികള്‍ മാത്രമാണുള്ളത്. ഇവരും മറ്റ് ആശുപത്രികളിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്.
ഡോക്ടറെ മര്‍ദിച്ച യുവതിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടന ജില്ലയില്‍ വെള്ളിയാഴ്ച ഒ.പി വിഭാഗം ബഹിഷ്‌കരിച്ച് പണിമുടക്കിയിരുന്നു. ഗൈനകോളജി ഡോക്ടര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച യുവതിയുടെ ബന്ധുക്കള്‍ യൂത്ത് ഫ്രണ്ട് ബിയുടെ സഹായത്തോടെ എസ്.പി ഓഫിസിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. ഡോക്ടര്‍മാരും മരിച്ചയുവതിയുടെ ബന്ധുക്കളും തമ്മിലുള്ള പരസ്പര പഴിചാരല്‍ സമരം മൂലം വലയുന്നത് താലൂക്കിലെ രോഗികളാണ്. ദിവസവും 1500 ഓളം പേര്‍ ചികിത്സയ്ക്കായും തുടര്‍ചികിത്സയ്ക്കായും ആശ്രയിച്ചുവന്ന ആശുപത്രിയായിരുന്നു ഇത്. ഇപ്പോള്‍ ചികിത്സകിട്ടാതെ രോഗികള്‍ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടുന്ന അവസ്ഥയാണ്. രോഗികളെ ബാധിക്കുന്ന വിഷയമായിട്ടും പ്രശ്‌നപരിഹാരത്തിന് ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്തും മുന്‍സിപാലിറ്റിയും ശ്രമിക്കാത്തതില്‍ പ്രതിഷേധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."