വീട് വാടകക്കെടുത്ത് പെണ്‍വാണിഭം: രണ്ടു സ്ത്രീകളടക്കം നാലുപേര്‍ പിടിയില്‍
അമ്പലപ്പുഴ: വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്നയാള്‍ ഉള്‍പ്പെടെ നാല് പേരെ പുന്നപ്ര പൊലിസ് അറസ്റ്റ് ചെയ്തു. പുന്നപ്ര സ്‌നേഹതീരം വീട്ടില്‍ ജോണി (48), തിരുവനന്തപുരം കൊച്ചാലം മുട് അബി മന്‍സിലില്‍ ഹിദായത്തുല്ല (23) പാതിരാപ്പള്ളി പഞ്ചികതയ്യില്‍ റോസി(37) റീന (41) എന്നിവരെയാണ് ആലപ്പുഴ സൗത്ത് സി.ഐ രാജേഷിന്റെ നിര്‍ദേശപ്രകാരം പുന്നപ്ര പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രാത്രി 12നു വീട് വളഞ്ഞ് പ്രതികളെ പിടികൂടിയത്. ആറുമാസം മുമ്പാണ് കളര്‍കോട് ബ്ലോക്ക് ജങ്ഷന് പടിഞ്ഞാറ് ഭാഗത്തുള്ള ശ്രീരാഗം വീട് പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി ജോണിയും ഇയാളുടെ ഭാര്യയാണെന്നു പരിചയപ്പെടുത്തിയ യുവതിയും ചേര്‍ന്നു വാടകക്കെടുത്തത്.
പിന്നീട് രാത്രികാലങ്ങളില്‍ നിരവധി വാഹനങ്ങള്‍ ഇവിടെ വന്നുപോകുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു.എന്നാല്‍ പകല്‍ സമയങ്ങളിലും വാഹനങ്ങളും ആളുകളും എത്തി തുടങ്ങിയതോടെ നാട്ടുകാരുടെ സംശയം ബലപ്പെട്ടു.തുടര്‍ന്ന് സി.ഐക്ക് വിവരം കൈമാറുകയായിരുന്നു.
ദേശീയ പാതയോരത്ത് പറവൂര്‍ ജങ്ഷന് സമീപം പച്ചക്കറി കച്ചവടം നടത്തിയിരുന്ന ജോണി രണ്ടുവര്‍ഷം മുമ്പാണ് ഇവിടെ സഹായിയായിനിന്ന യുവതിയുമായി മുങ്ങിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യ നഴ്‌സായി ജോലി ചെയ്യുകയാണെന്ന ഉടമയെ തെറ്റിധരിപ്പിച്ചാണു വീട് വാടകക്കെടുത്തത്.എന്നാല്‍ പച്ചക്കറി കടയില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന യുവതിയാണോ വീട് വാടകക്കെടുക്കുന്ന സമയം ജോണിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് പൊലിസ് അന്വേഷിച്ച് വരികയാണ്.
ഇയാളില്‍ നിന്ന് മൂന്ന് മുബൈല്‍ ഫോണും 10,000 രൂപയും പൊലിസ് കണ്ടെടുത്തു.ഇയാള്‍ക്കെതിരെ മണ്ണഞ്ചേരി ,മാരാരിക്കുളം സ്റ്റേഷനുകളിലുള്‍പ്പെടെ നാല് പെണ്‍വാണിഭ കേസുകളുണ്ടെന്നു പൊലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."