നോട്ട് ദുരിതത്തിന് 30 നാള്‍: നടുവൊടിഞ്ഞ് ജനം
കോഴിക്കോട്: 500, 1000 നോട്ടുകള്‍ അസാധുവാക്കിയിട്ട് ഒരു മാസം പിന്നിടുമ്പോഴും ജനദുരിതത്തിന് അറുതിയായില്ല. ആവശ്യത്തിന് പണമില്ലാതെ നെട്ടോട്ടമോടുകയാണ് ജനം. ബാങ്കിനു മുന്നിലും തിരക്ക് ദിവസേന വര്‍ധിക്കുകയല്ലാതെ കുറയുന്നില്ല. ജോലിക്കു പോലും പോകാതെ ജനങ്ങള്‍ പല ദിവസങ്ങളിലും എ.ടി.എമ്മിനു മുന്നിലും ബാങ്കിനു മുന്നിലും ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. എന്നാല്‍ മിക്ക എ.ടി.എമ്മുകളിലും ആവശ്യത്തിന് പണമില്ല. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പണം ലഭിക്കാതെ മടങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍.
ശമ്പളം അക്കൗണ്ടിലെത്തിയിട്ടും അതു പിന്‍വലിക്കാനാകാത്തത് ആളുകളെ വലച്ചു. അതിരാവിലെ മുതല്‍ വരി നിന്നിട്ടും ശമ്പളം പിന്‍വലിക്കാന്‍ സാധിക്കാത്തവര്‍ നിത്യചെലവിനു പോലും കാശില്ലാതെ പ്രയാസപ്പെടുകയാണ്. പണം പിന്‍വലിച്ചവര്‍ക്കാകട്ടെ 2000ത്തിന്റെ നോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പിന്നീട് അത് ചില്ലറയാക്കാനുള്ള നെട്ടോട്ടമായിരുന്നു. നഗരത്തിലേയും ഗ്രാമത്തിലേയുമെല്ലാം ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട നിരയാണ്. പല വീടുകളിലേയും സ്ത്രീകള്‍ രാവിലെ മുതല്‍ ബാങ്കിനു മുന്നില്‍ നില്‍ക്കുകയാണ്. നിത്യചെലവുകള്‍ക്ക് പുറമെ വീടുപണി, ആശുപത്രിച്ചെലവുകള്‍ തുടങ്ങിയ ആവശ്യക്കാരും പണം കിട്ടാതെ വലഞ്ഞു. എസ്.ബി.ഐ, എസ്.ബി.ടി, ഫെഡറല്‍ബാങ്ക, കനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവിടങ്ങളിലെല്ലാം 2000 ത്തിന്റെ നോട്ടുകള്‍ വിതരണം ചെയ്തപ്പോള്‍ എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ചില ശാഖകള്‍ ഇന്നലെ നൂറിന്റെയും അന്‍പതിന്റെയും നോട്ടുകള്‍ വിതരണം ചെയ്തു. എ.ടി.എമ്മിലും അവര്‍ നൂറിന്റെ നോട്ടുകള്‍ നിറച്ചത് ജനങ്ങള്‍ക്ക് ആശ്വാസമായി. വരും ദിവസങ്ങളില്‍ പണക്ഷാമം കൂടാനാണ് സാധ്യതയെന്ന് ബാങ്കുദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."