വരുന്നു; കടുത്ത വേനല്‍ തടയണകളില്‍ പ്രതീക്ഷയര്‍പ്പിച്ച് ജില്ല
മഞ്ചേരി: വേനല്‍ ഇത്തവണ കനത്തതായിരിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കുടിവെള്ളക്ഷാമത്തിനു പരിഹാരംകാണാന്‍ തടയണകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ജില്ല. സാധാരണപോലെ താല്‍കാലിക തടയണകള്‍ പോരെന്നും പകരം നേരത്തെതന്നെ തടയണകളുടെ നിര്‍മാണം തുടങ്ങണമെന്നുമുള്ള നിര്‍ദേശം സംസ്ഥാന ജല അതോറിറ്റി അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്കു നല്‍കിയിട്ടുണ്ട്.
അതത് ഡിവിഷന്‍ ഓഫിസുകളിലേക്ക് ഇതുസംബന്ധിച്ചുള്ള അറിയിപ്പുകള്‍ നേരത്തെ അയക്കുകയും ചെയ്തിരുന്നു. മലപ്പുറം ഡിവിഷനിലെ പാണ്ടിക്കാട് ഒറവംപുറം, തൂവ്വൂര്‍, വടപുറം, മമ്പാട്, പടിഞ്ഞാറ്റുമുറി, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് എന്നിവിടങ്ങളിലും എടപ്പാള്‍ ഡിവിഷനിലെ തൃക്കണാപുരം ഭവാനിപ്പുഴ, കോട്ടക്കല്‍ കടലുണ്ടിപ്പുഴ എന്നിവിടങ്ങളിലുമാണ് ഇത്തവണ താല്‍ക്കാലിക തടയണ നിര്‍മിക്കുക. ഇതിനായി എല്ലാ സെക്ഷന്‍ ഓഫിസുകളും എസ്റ്റിമേറ്റ് തയാറാക്കി അയച്ചിട്ടുണ്ട്.
ചമ്രവട്ടം, ചാമക്കയം, നമ്രാണി, കട്ടുപ്പാറ, ആനക്കയം എന്നിവിടങ്ങളിലാണ് സ്ഥിരം തടയണകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ വളരെ നേരത്തെതന്നെ വെള്ളം കുറഞ്ഞിരിക്കുകയാണ്. ഇതോടെ മഴക്കാലത്തു തുറുന്നുവച്ചിരിക്കുന്ന ഷട്ടറുകള്‍ അടച്ചിടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ചമ്രവട്ടം, കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജുകളാണ് ജില്ലയ്ക്ക് ആശ്വാസമായുുള്ളത്. ചമ്രവട്ടത്തെ സ്ഥിരം തടയണയില്‍നിന്നാണ് എടപ്പാള്‍ ഡിവിഷനിലെ മിക്ക സ്ഥലങ്ങളിലേക്കും വെള്ളം വിതരണം ചെയ്യുന്നത്. അരീക്കോടുവരെ കവണക്കല്ല് ജല പദ്ധതിയില്‍നിന്നുള്ള ഉപയോഗം ലഭിക്കുന്നതുകൊണ്ട് അരീക്കോട്, മഞ്ചേരി സെക്ഷനുകള്‍ക്കു മറ്റു സെക്ഷനുകളെ അപേക്ഷിച്ച് കാര്യമായ പ്രതിസന്ധിയുണ്ടാകാറില്ല.
എന്നാല്‍, മഞ്ചേരി സെക്ഷനില്‍ 35 വര്‍ഷം പഴക്കമുള്ള എ.സി പൈപ്പുകള്‍ വെള്ള വിതരണത്തിനു ഉപയോഗിക്കുന്നതുമൂലം പലപ്പോവും വെള്ളം പാഴായിപ്പോകുകയാണെന്ന ആക്ഷേപം ഉയരാറുണ്ട്. പലയിടങ്ങളിലും വെള്ളമില്ലാത്തതിനാല്‍ പമ്പിങ് നിര്‍ത്തുകപോലും ചെയ്തിരുന്നു. ജല അതോറിറ്റിയുടെ മിക്ക കിണറുകളും ജലനിരപ്പിനേക്കാള്‍ കൂടുതല്‍ ഉയരത്തിലായിരിക്കുകയാണ്. ഇതുമൂലം മഴ ലഭിക്കാതായാല്‍ വെള്ളം പമ്പ് ചെയ്യാനാകാത്ത സ്ഥിതിയുമുണ്ടാകാറുണ്ട്.
മണലെടുപ്പും ജലസ്രോതസുകള്‍ നികത്തുന്നതും ഗൗരവമായി കാണണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. മഴ കുറഞ്ഞതുമൂലം ഇത്തവണ ചാലിയാര്‍ ഭാഗത്തെ ജനങ്ങളും കുടിവെള്ളത്തിനായി കടുത്ത പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ രണ്ടു ഡിവിഷനുകളിലും 90-110 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് സ്റ്റോര്‍ ചെയ്ത് വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ 25ശതമാനം വെള്ളം കുറവായിരുന്നു. ഇത്തവണ 50 ശതമാനമാവാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."