എക്‌സൈസ് റെയ്ഡ് പിടിച്ചെടുത്തത് വാഷ്, ചാരായം, വാറ്റുപകരണങ്ങള്‍, കഞ്ചാവ്
പരപ്പനങ്ങാടി: എടരിക്കോട്, വേങ്ങര, ഇരിങ്ങല്ലൂര്‍ ഭാഗങ്ങളില്‍ തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം, രാഗേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 21 പൊതി കഞ്ചാവും നാലേകാല്‍ ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
വിദ്യാര്‍ഥികള്‍ക്കു വില്‍പന നടത്താനുദ്ദേശിച്ച് ഓട്ടോറിക്ഷയില്‍ സൂക്ഷിക്കുകയായിരുന്ന കഞ്ചാവുമായി എടരിക്കോട്ടുനിന്ന് മുജീബ്‌റഹ്മാന്‍ (31 ), ഇരിങ്ങല്ലൂരില്‍ രണ്ടു സ്ഥലങ്ങളിലായി ചാരായവും വാറ്റും വാഷ് ഉപകരണങ്ങളുമായി കുഞ്ഞിക്കുട്ടന്‍ (51 ), കുഞ്ഞന്‍ (41 ) എന്നിവരാണ് പിടിയിലായത്. കൂടാതെ നിശ്ചിത അളവില്‍ കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കൈവശംവച്ചതിന് മമ്പീതിയിലെ യു. അയ്യപ്പനെയും അറസ്റ്റ് ചെയ്തു.
ചാരായക്കേസുകളിലെ പ്രതികളെ മലപ്പുറം കോടതി മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഭാസ്‌കരന്‍, പ്രിവന്റീവ് ഓഫിസര്‍ കെ.എന്‍ സുര്‍ജിത്ത്, സി.ഇ.ഒമാരായ പ്രിയേഷ്, പ്രഗേഷ്, ഷിജിത്ത്, അരവിന്ദന്‍, ജയകൃഷ്ണന്‍, ചന്ദ്രമോഹനന്‍, പരപ്പനങ്ങാടി റെയ്ഞ്ച് പ്രിവന്റീവ് ഓഫിസര്‍ വി.കെ സൂരജ്, മുരളി, ടി. അബ്ദുസ്സമദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."