നോട്ട് പിന്‍വലിക്കല്‍: നാലു ലക്ഷം തൊഴില്‍ നഷ്ടപ്പെടും, ഇ- വിപണിയും കടുത്ത പ്രത്യാഘാതം നേരിടും
മുംബൈ: നോട്ട് പിന്‍വലിക്കല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കടുത്ത ആഘാതമേല്‍പ്പിക്കുമെന്ന് വിദഗ്ധര്‍. അടുത്തവര്‍ഷം സാമ്പത്തിക വളര്‍ച്ച ഒരു ശതമാനം കുറയും. കൂടാതെ നാലു ലക്ഷം തൊഴില്‍ നഷ്ടമുണ്ടാവുമെന്നും ഈ രംഗത്തുള്ള പ്രമുഖരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പോള്‍ ഇ-വിപണിയിലെ 70 ശതമാനം ഇടപാടുകളും നടക്കുന്നത് കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെയാണ്. അടുത്തമാസങ്ങളില്‍ ഈ വിപണിയില്‍ 20 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് ടീംലീസ് സെര്‍വീസ് കോ ഫൗണ്ടര്‍ റിതുപര്‍ണ ചക്രബര്‍ത്തി പറഞ്ഞു.
പത്തുലക്ഷം പേരാണ് ഇ- വിപണി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഉല്‍പാദനത്തെയും വില്‍പ്പനയെയും നോട്ട് പിന്‍വലിക്കല്‍ സാരമായി ബാധിക്കുമെന്നും ചക്രബര്‍ത്തി പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ, അടിസ്ഥാന സൗകര്യ മേഖലയും വലിയ ആഘാതം നേരിടുന്നുണ്ട്. അടുത്ത 12 മാസത്തിനുള്ളില്‍ ഒരു ലക്ഷം തൊഴില്‍ നഷ്ടം ഈ മേഖലയില്‍ മാത്രമുണ്ടാവും. അടുത്ത ആറ്, എട്ട് മാസത്തിനുള്ളില്‍ കടുത്ത തൊഴില്‍ നഷ്ടവും മരവിപ്പുമുണ്ടാവുമെന്ന് യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റിസോഴ്‌സസ് കണ്‍സള്‍ട്ടന്‍സി ഓന്‍ ഹെവിറ്റിന്റെ ഡയരക്ടര്‍ അനന്ദോറുപ് ഘോഷ് പറഞ്ഞു. നോട്ട് പിന്‍വലിക്കലിന്റെ ലക്ഷ്യം സര്‍ക്കാര്‍ നേടിയില്ലെങ്കില്‍ തങ്ങള്‍ കൂടുതല്‍ വെല്ലുവിളി നേരിടുമെന്നും അദ്ദേഹം പറയുന്നു.
ദിവസവേതനാടിസ്ഥാനത്തില്‍ നിരവധിപേര്‍ പ്രവര്‍ത്തിക്കുന്ന ടെക്‌സ്റ്റൈല്‍സ്, ഗാര്‍മെന്റ്‌സ് മേഖലയുടെ സ്ഥിതിയും പരിതാപകരമാണ്. 3.2 കോടി പേര്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖലയിലെ അഞ്ചിലൊന്നും പേരും ദിവസവേതനാടിസ്ഥാനത്തിലാണ് തൊഴിലെടുക്കുന്നത്. ഇവര്‍ക്ക് വേതനം നല്‍കുന്നത് പണമായിട്ടാണ്. ഇത് കൊടുക്കാനില്ലാല്ലത്തതോടെ ജോലിക്ക് ആളെ കിട്ടാത്ത അവസ്ഥയും പിരിച്ചുവിടുന്ന സാഹചര്യവും ഉണ്ടായി.
എത്ര വേഗത്തില്‍ സമ്പദ് വ്യവസ്ഥയില്‍ പണം സപ്ലൈ നടക്കുന്നുണ്ടെന്നതിനെ ആശ്രയിച്ചാണ് ജോബ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ഇക്കണോമിക് അഡൈ്വസര്‍ സൗമ്യ കാന്തി ഘോഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."