മാവോവാദികള്‍ വെടിയേറ്റ് മരിച്ചതില്‍ അസ്വാഭാവികതയില്ല: സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ ദുര്‍ഗ്ഗ പ്രസാദ്
കഠിനംകുളം: നിലമ്പൂര്‍ വനമേഖലയില്‍ രണ്ടു മാവോവാദികള്‍ പൊലിസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ യാതൊരു അസ്വാഭികതയും താന്‍ കാണുന്നില്ലെന്ന് പള്ളിപ്പുറം സി.ആര്‍.പി.എഫില്‍ എത്തിയ സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ കെ.ദുര്‍ഗ്ഗപ്രസാദ്.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് അവര്‍ക്ക് ലഭിച്ച ശക്തമായ തിരിച്ചടിയാണെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാപില്‍ ജവാന്‍ന്മാരുടെ അവയവദാന സമ്മതപത്രം ഏറ്റ് വാങ്ങുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ ദുര്‍ഗ്ഗ പ്രസാദ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
കുപ്പുസ്വാമിയെ പോലയുള്ള ഒരു നേതാവിനെ നഷ്ടപ്പെട്ടത് മാവോവാദികളെ സംബന്ധിച്ച് അവരുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
സാധാരണ അപ്രതീക്ഷിതമായ ഒരു ഏറ്റുമുട്ടലില്‍ ഇവര്‍ പൊലീസിന് നേരെ വെടിവയ്ക്കുന്നത് പതിവാണ്. തുടര്‍ന്ന് പൊലീസും അങ്ങോട്ടും വെടിവയ്ക്കും. അതില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടേക്കാം. അതിനപ്പുറത്തേക്ക് ഈ സംഭവത്തെ മറ്റൊരു രീതിയില്‍ കാണേണ്ടതില്ലെന്ന് ദുര്‍ഗ്ഗപ്രസാദ് പറഞ്ഞു. ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും ഇവര്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് സ്വാഭാവികമാണ്. പ്രശസ്തിക്കു പ്രശംസക്കും വേണ്ടിയാണ് മാവോവാദികള്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ആന്ധ്ര, ഒറീസ അതിര്‍ത്തിയില്‍ സി.ആര്‍.പി.എഫുമായി നടന്ന ഏറ്റമുട്ടലില്‍ 30 മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ മാവോവാദികളുടെ നേതാവ് രാമകൃഷ്ണയെ പിടികൂടിയെന്നും സി.ആര്‍.പി.എഫ് പീഡിപ്പിക്കുകയാണെന്നുമൊക്കെ ആരോപണങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇതെല്ലാം അസത്യമാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."