അന്നമനട എക്സ്റ്റന്‍ഷന്‍ ഓഫിസ് കാടുകയറി നശിക്കുന്നു
അന്നമനട: വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസ് കാട്കയറി ഉപയോഗയോഗ്യമല്ലാത്ത വിധത്തില്‍ നശിക്കുമ്പോഴും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമില്ലെന്ന് ആക്ഷേപം. മാള ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഓട് മേഞ്ഞ കെട്ടിടം അപകടാവസ്ഥയില്‍ ആയിട്ടും വര്‍ഷങ്ങളേറെയായി.
കെട്ടിടം തകര്‍ച്ചയിലായതിനെ തുടര്‍ന്ന് ഏഴുവര്‍ഷത്തോളം മുന്‍പ് ഓഫിസിന്റെ പ്രവര്‍ത്തനം അന്നമനട ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള ഒരു ഹാളിലേക്കാണ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസിന്റെ പ്രവര്‍ത്തനം മാറ്റിയത്. ഏതാനും വര്‍ഷങ്ങളായി ഓഫിസിന്റെ പ്രവര്‍ത്തനം മറ്റൊരു റൂമിലേക്ക് മാറ്റണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആവശ്വപ്പെട്ടു കൊണ്ടിരിക്കയാണ്.
ഇക്കാലത്തിനിടയില്‍ കുറച്ച് കാലം കെട്ടിടത്തിലെ സൗകര്യം കുറഞ്ഞ മറ്റൊരു റൂമിലേക്ക് ഓഫിസ് പ്രവര്‍ത്തനം മാറ്റിയിരുന്നു. ഫര്‍ണ്ണീച്ചറുകളും ഫയലുകളും സജ്ജീകരിച്ചു കഴിഞ്ഞാല്‍ നിന്നുതിരിയാനിടമില്ലാത്ത റൂമിലായിരുന്നു ഓഫിസ് പ്രവര്‍ത്തനം. ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ദിനങ്ങളായിരുന്നു അക്കാലത്തേത്. ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷം തിരികെ ഹാളിലേക്ക് ഓഫിസ് പ്രവര്‍ത്തനം മാറ്റിയെങ്കിലും അവിടെ നിന്നും ഓഫിസ് പ്രവര്‍ത്തനം മാറ്റണമെന്ന ആവശ്യം തുടരുകയാണ്. സ്വന്തം കെട്ടിടം ഉണ്ടെങ്കിലും ഇത്തരത്തിലുള്ള സമീപനത്തെ നേരിടേണ്ട അവസ്ഥയാണ് ജീവനക്കാര്‍ക്ക്.
പ്രായമായവര്‍ക്കും രോഗികള്‍ക്കും ഏറെ പ്രയാസപ്പെട്ട് കൊണ്ട് മാത്രമാണ് നിലവില്‍ ഈ ഓഫിസില്‍ എത്താനാകുന്നത്. അതേസമയം സ്വന്തം കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് യാതൊരു നീക്കവും നടത്തുന്നില്ല. നാലു വര്‍ഷത്തോളം മുന്‍പ് കെട്ടിടത്തിനുമേല്‍ തെങ്ങ് വീണിരുന്നു. ഓടുകളും പട്ടികകളും മറ്റും അന്ന് തകര്‍ന്നിരുന്നു. മുന്‍വശത്തെ മേല്‍ക്കൂരയെ താങ്ങി നിര്‍ത്തുന്ന പില്ലര്‍ മുറിഞ്ഞ് നില്‍ക്കുകയാണ്. ചെങ്കല്ലുപയോഗിച്ച് പണിത പില്ലര്‍ ഏത് സമയത്തും വീഴാം.
പില്ലര്‍ വീണാല്‍ കെട്ടിടത്തിന്റെ നല്ലൊരു ഭാഗം താഴേക്കിരിക്കാന്‍ സാധ്യത ഏറെയാണ്. പഴയ ഫയലുകള്‍ ഇതിനകത്ത് ഉണ്ടെന്നാണ് സൂചന. മഴക്കാലത്ത് വെള്ളം വീണ് ഇവ ഉപയോഗ ശൂന്യമായിട്ടുണ്ടാകും. കെട്ടിടമിരിക്കുന്ന സ്ഥലമാകെ കാട് കയറിയതിനാല്‍ കെട്ടിടത്തിന് അകത്തും പുറത്തും ഇഴജന്തുക്കളുടെ വിഹാരമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കെട്ടിടം പൊളിച്ചു മാറ്റി പുതിയൊരു ഇരുനില കെട്ടിടം പണിത് ഓഫിസിന്റെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."