ഫൈസല്‍ വധം: പ്രതികളുടെ റിമാന്‍ഡ് നീട്ടി
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.
കഴിഞ്ഞദിവസം പൊലിസ് കസ്റ്റഡിയില്‍വാങ്ങിയ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന്‍ (30), കളത്തില്‍ പ്രദീപ് ( 32), മഞ്ചേരി ജയിലില്‍ കഴിഞ്ഞിരുന്ന മറ്റുപ്രതികളായ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് ( 32), ഹരിദാസന്റെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39),പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് പരപ്പനങ്ങാടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നീട്ടിയത്.
കഴിഞ്ഞ 27 നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതി ലീവായതിനാല്‍ പെരിന്തല്‍മണ്ണ കോടതി പത്ത് ദിവസത്തേക്കായിരുന്നു ഇവരെ നേരത്തേ റിമാന്‍ഡ് ചെയ്തിരുന്നത്. കേസില്‍ മുഖ്യ പ്രതികളായ തിരൂര്‍ സ്വദേശികളായ ബാബു, കുട്ടാപ്പു, വള്ളിക്കുന്ന് സ്വദേശി അപ്പു എന്നിവരെ കഴിഞ്ഞദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
കൃത്യത്തില്‍ പങ്കെടുത്ത മറ്റൊരാള്‍ക്കും സംഭവത്തിന് ചുക്കാന്‍ പിടിച്ച തിരൂര്‍ മഠത്തില്‍ നാരായണനും വേണ്ടിയുള്ള അന്വേഷണം പൊലിസ് നടത്തിവരികയാണ്. രണ്ടുപേരും സംസ്ഥാനം വിട്ടതായി സൂചനയുണ്ട്. ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. പ്രതികള്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പൊലിസ് ഇന്നലെയും പരിശോധന നടത്തി. ഇതോടെയാണ് ഇവര്‍ സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ എത്തിയത്. ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞ 19നാണ് കൊടിഞ്ഞി പുല്ലാണി അനന്തകൃഷ്ണന്‍ നായര്‍ മീനാക്ഷി ദമ്പതികളുടെ മകന്‍ ഫൈസല്‍ (30) ഫാറൂഖ് നഗറില്‍ വെട്ടേറ്റു മരിച്ചത്. സംഭവത്തില്‍ ഇതിനകം 11 പേര്‍ പിടിയിലായിട്ടുണ്ട്. സംഭവശേഷം ഫൈസലിന്റെ മാതാവ് മീനാക്ഷി ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."