ഉറക്കം കണ്‍കളില്‍ ഊഞ്ഞാലുകെട്ടാന്‍...
ഉറക്കക്കുറവ് ഒട്ടുമിക്ക ആളുകളുടെയും പരാതിയാണ്. ഇന്നലെ ഒട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല, ഒന്നു മയങ്ങിയപ്പോഴേക്കും ഞെട്ടി ഉണര്‍ന്നു, ഉറങ്ങിയിട്ടും വല്ലാത്ത ക്ഷീണം, എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല..ഇങ്ങനെ പോകുന്നു ഉറക്കമില്ലാത്തവരുടെ പരാതികള്‍. ഇതിലധികവും അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലമോ അനുകൂല സാഹചര്യമില്ലാത്തതുമൂലമോ ആണ്. ചിലര്‍ക്ക് മാനസികമായ ചില പ്രശ്‌നങ്ങളും ഉറക്കക്കുറവിലേക്ക് നയിക്കാം.
ഉറക്കം മഹത്തായ ഒരു അനുഭവമാണ്. ശരിയായ ഉറക്കം ശരിയായ ചിന്തകളിലേക്കും ഉത്തമമായ ആരോഗ്യത്തിലേക്കും നയിക്കും. ഉറക്കമില്ലായ്മ അലോസരത്തിനും ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.
ശരിയായ രീതിയിലും മതിയായ അളവിലും ഉറക്കം ലഭിക്കേണ്ടത് വ്യക്തികളെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ ആവശ്യത്തിന് ഉറങ്ങുന്നുണ്ട് എന്നുറപ്പുവരുത്തേണ്ടതുണ്ട്. ശാരീരികവും ബുദ്ധിപരവും മാനസികവുമായ വിശ്രമമാണ് ഉറക്കം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഉറക്കം ഒരു റീ ചാര്‍ജ് അനുഭവമെന്നുവേണമെങ്കില്‍ പറയാം.
മരുന്നുകള്‍ മാറ്റിവയ്ക്കാം
ഉറക്കത്തിന് ഒരിക്കലും മരുന്നുകളെ ആശ്രയിക്കരുത്. അത് മാനസിക പ്രശ്‌നങ്ങള്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതേസമയം പഴമക്കാര്‍ പറയുന്നതുപോലെ ഉറങ്ങാന്‍ പോകുന്നതിനുമുന്‍പ് ചെറുചൂടോടെ ഒരു ഗ്ലാസ് പാല്‍ കുടിയ്ക്കുന്നതും ഇളം ചൂടുവെള്ളത്തില്‍ ഒരു കുളി പാസാക്കുന്നതും ഗാഢനിദ്ര ലഭിക്കുന്നതിന് നല്ലതാണ്. ഇതൊക്കെ നോക്കിയിട്ടും ഉറങ്ങാന്‍ കഴിയാത്തവരുണ്ട്. അവര്‍ക്ക് മരുന്നുകളല്ല, ഉറക്കത്തിലേക്ക് നയിക്കാനുള്ള മറ്റുചില പോംവഴികള്‍ ആലോചിക്കുന്നതാണ് ബുദ്ധി.
ശ്വസന മരുന്ന്
ചില യോഗ മുറകള്‍ക്ക് ശരീരത്തിന് അത്യധികം വിശ്രമം നല്‍കാന്‍ കഴിവുണ്ട്. ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറച്ചുകൊണ്ടുവരികയാണ് ഇതിലൂടെ ചെയ്യുന്നത്. അതുവഴി ഉറക്കത്തിലേക്കെത്താം. ഇടതുവശം ചരിഞ്ഞ് കിടക്കുകയാണ് ഉറക്കത്തിലേക്കെത്താനുള്ള ആദ്യ പടി. ഇനി മൂക്കിന്റെ വലതു ദ്വാരം വിരലുകളുപയോഗിച്ച് അടച്ചുപിടിയ്ക്കുക. ഇനി സാവധാനവും ശക്തവുമായി ശ്വാസം ഉള്ളിലേക്കെടുക്കുക. ഇത് ആവര്‍ത്തിക്കുക. ഇത് ഉറക്കത്തിലേക്കുള്ള ചുവടുവയ്പാണ്.
പേശികള്‍ അയക്കുക
ശരീര പേശികള്‍ നന്നായി അയച്ചിടുന്നത് ശരീരത്തെ വിശ്രമത്തിലേക്കും അതുവഴി ഉറക്കത്തിലേക്കും നയിക്കും. മലര്‍ന്നു കിടക്കുക. ശക്തമായി ശ്വാസം ഉള്ളിലേക്കു വലിക്കുക. അതേസമയം കാല്‍വിരലുകള്‍ തമ്മില്‍ ചേര്‍ത്ത് അമര്‍ത്തുക. ശ്വാസം പുറത്തേക്കുവിടുമ്പോള്‍ പഴയനിലയിലാകുക. വീണ്ടും ആവര്‍ത്തിക്കുക.
ഉറങ്ങാതിരിക്കാന്‍ ശ്രമിക്കുക
നല്ല ഉറക്കം ലഭിക്കാന്‍ ഉറക്കത്തെ വെല്ലുവിളിക്കുന്നത് ഒരു മനഃശാസ്ത്ര രീതിയാണ്. ഉറക്കത്തെ വെല്ലുവിളിച്ച് ഉറങ്ങാതിരിക്കുകയാണ് രീതി. ഇതോടെ മനസ് ഉണരും. അത് ശരീരത്തെ ഏതുവിധേനയും ഉറക്കത്തിലേക്ക് നയിക്കാന്‍ ശ്രമിക്കും. കണ്ണുകള്‍ തുറന്നുപിടിക്കുക. ഉറങ്ങുന്ന പ്രശ്‌നമില്ലെന്നു സങ്കല്‍പിക്കുക. എന്നാല്‍ ഇത് തലച്ചോറ് അംഗീകരിക്കില്ല. നമ്മുടെ തീരുമാനത്തെ തലച്ചോറ് പ്രതിരോധിക്കും. ഉറക്കത്തിലേക്ക് പോകാന്‍ എപ്പോഴും ആജ്ഞ നല്‍കിക്കൊണ്ടിരിക്കും. തലച്ചോറിന്റെ നിര്‍ദേശത്തെ അതിജീവിക്കാന്‍ കണ്‍പോളകള്‍ക്കാവില്ല. അധികം താമസിയാതെ അവ താനേ കൂമ്പിപ്പോവും.
ദിവസത്തിലേക്ക് നടത്തം
ഉറക്കം വരുന്നില്ലെങ്കില്‍ ആ ദിവസത്തെ ഓരോ കാര്യങ്ങളും പിന്നോട്ട് ഓര്‍ത്തു നോക്കുക. തന്റെ ചെയ്തികള്‍ എന്തൊക്കെ ആയിരുന്നെന്ന് കണ്ടെത്തുക. അവയെ വിലയിരുത്തുക. ഇതില്‍ തന്റെ സംഭാഷണങ്ങളും ശബ്ദങ്ങളും ഒക്കെ ഓര്‍ത്തു നോക്കേണ്ടതുണ്ട്.
ഇങ്ങനെ ഒരു ദിവസത്തെ സംഭവങ്ങള്‍ ഓര്‍ത്തുനോക്കുന്നത് നിങ്ങളെ ഒരു വിശ്രമാവസ്ഥയിലെത്തിക്കും. അത് തുടര്‍ന്ന് ഉറക്കത്തിലേക്കും നയിക്കും.
കൃഷ്ണമണിയുടെ സഹായം
കണ്ണടച്ച് കൃഷ്ണമണി വട്ടത്തില്‍ കറക്കുന്നത് ഉറക്കത്തിലേക്ക് നയിക്കും. ഉറക്കത്തിലും ഇപ്രകാരം കൃഷ്ണമണികള്‍ വളരെ വേഗം സഞ്ചരിക്കാറുണ്ട്. ഉറക്കത്തിനുമുന്‍പ് അപ്രകാരം ചെയ്യുന്നതുവഴി ഉറക്കത്തിനുകാരണമാകുന്ന മെലറ്റോനിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാനും അതുവഴി ഉറക്കം നേടാനും കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഭാവനാ ദൃശ്യവും ധ്യാനവും
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭാവനയില്‍ ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്നതും ധ്യാനവും ഉറക്കത്തിലേക്ക് നയിക്കും. നിറയെ പൂക്കളുള്ള ഒരു പൂന്തോട്ടത്തിലൂടെ മന്ദം മന്ദം നടക്കുന്നതായി സ്ങ്കല്‍പിക്കുക. അതല്ലെങ്കില്‍ സ്വഛമായ തടാകത്തിലൂടെ ഒരു കൊതുമ്പു വള്ളത്തില്‍ സഞ്ചരിക്കുന്നതായി കരുതുക. അതുമല്ലെങ്കില്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ശീതളിമയുള്ള വനാന്തരീക്ഷത്തില്‍ സഞ്ചരിക്കുന്നതായി കരുതുക. ഇതൊക്കെയും ശരീരത്തെ വിശ്രമാവസ്ഥയിലേക്കെത്തിക്കും. ഇങ്ങനെ സഞ്ചരിക്കുമ്പോള്‍ പൂക്കളുടെ സൗന്ദര്യവും ഗന്ധവും ആസ്വദിക്കുന്നതായും പൂല്‍മേടുകളിലും നനുത്ത മണലിലൂടെയും നടക്കുന്നതായും ഭാവനയില്‍ കാണുക. ഒപ്പം വെള്ളം വീഴുന്നതും ഒഴുക്കും മറ്റു ശ്ബ്ദങ്ങളും സങ്കല്‍പിക്കുക. ഉറക്കത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കപ്പെടാന്‍ ഇത് ധാരാളമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."