നേതാക്കള്‍ അഴിമതി ആരോപിതര്‍; അഴിമതിവിരുദ്ധ ദിനാചരണം തകൃതി
തിരുവനന്തപുരം: അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനം ഭംഗിയായി തന്നെ ആചരിച്ച കേരളത്തില്‍ പല ഒന്നാം നിര രാഷ്ട്രീയ നേതാക്കളും അഴിമതി ആരോപണ വിധേയര്‍. അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പല പ്രമുഖരും അഴിതി ആരോപണ വിധേയരാണ്.
സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായി വിമുക്തി നേടിയിട്ടില്ല. ഈ കേസില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി നേരത്തെ പിണറായിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജി ഹൈക്കോടതിയിലുണ്ട്. ഈ കേസ് ഈ മാസം 15നു പരിഗണനയ്‌ക്കെടുക്കുന്നുണ്ട്. മുമ്പ് വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനുള്ള കരാര്‍ എസ്.എന്‍.സി ലാവ്‌ലിന്‍ എന്ന കനേഡിയന്‍ കമ്പനിക്ക് നല്‍കിയതില്‍ പൊതുഖജനാവിനു വന്‍ നഷ്ടമുണ്ടായെന്നാണ് കേസ്.
പിണറായി മന്ത്രിസഭയിലെ രണ്ടാമനും വ്യവസായ മന്ത്രിയുമായിരുന്ന ഇ.പി ജയരാജന് ബന്ധു നിയമന ആരോപണത്തിന്റെ പേരിലാണ് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജയരാജന്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ജയരാജന്‍ മന്ത്രിയായിരുന്ന കാലത്ത് വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട മറ്റു ചില നിയമനങ്ങളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സോളാര്‍ വൈദ്യുതി പദ്ധതി തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് പണം തട്ടിയെടുത്തു എന്ന് ആരോപിച്ച് മലയാളിയായ കെ.എം കുരുവിള സമര്‍പ്പിച്ച ഹരജിയില്‍ ബംഗളൂരു കോടതി ഉമ്മന്‍ ചാണ്ടിക്കു പിഴ ചുമത്തിക്കൊണ്ട് വിധി പുറപ്പെടുവിച്ചിരുന്നു.
ഇതിനെതിരേ ഉമ്മന്‍ ചാണ്ടി നല്‍കിയ ഹരജിയില്‍ വിധി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത് ബാര്‍കോഴക്കേസില്‍ അദ്ദേഹത്തിനെതിരേ കോടതിയുടെ പരാമര്‍ശമുണ്ടായതിനെ തുടര്‍ന്നാണ്. പ്രമുഖ ബാറുടമ ബിജു രമേശില്‍ നിന്ന് കോഴ വാങ്ങി എന്നാണ് കേസ്.
മുന്‍ മന്ത്രി കെ. ബാബുവും ബാര്‍കോഴ ആരോപണവിധേയനാണ്. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ അദ്ദേഹം അന്വേഷണം നേരിടുകയുമാണ്. അഴിമതി ആരോപണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസമനുഭവിച്ച കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്കൊപ്പമാണ് ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."