മനം നിറഞ്ഞു മൂന്നാംനാള്‍
തലശ്ശേരി: ജനപ്രിയ ഇനങ്ങള്‍ അരങ്ങിലെത്തിയ കലോത്സവത്തിന്റെ മൂന്നാംനാള്‍ വേദികളിലേക്ക് കലാസ്വാദകര്‍ ഇരമ്പിയെത്തി. ഇന്നലെ ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി വേദി ഉണര്‍ന്നതു തന്നെ നാടന്‍പാട്ടിന്റെ ശീലുകളുയര്‍ന്നുകൊണ്ടാണ്. മത്സരത്തിലണിനിരന്ന 16 ടീമുകളും ഒപ്പത്തിനൊപ്പം പോരാട്ടവീര്യം കാഴ്ച വച്ചപ്പോള്‍ കാണികള്‍ കൈത്താളം കൊട്ടി ഒപ്പംപാടുകയും ആടുകയും ചെയ്തു. ഇതേ സമയം ബി.ഇ.എം.പി ഹയര്‍ സെക്കന്‍ഡറിയിലെ വേദിയില്‍ പരിചമുട്ടുകളിയും മാര്‍ഗംകളിയും ആസ്വാദകരുടെ മനം നിറച്ചു. മേളയുടെ ഗ്ലാമര്‍ ഇനമായ കേരള നടനം നടന്ന സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറിയിലെ പ്രധാന വേദിയില്‍ കാണികള്‍ തിങ്ങിനിറഞ്ഞു. വേദിയുടെ അസൗകര്യവും ശബ്ദപരിമിതിയും അലോസരമായെങ്കിലും മിമിക്രിയും മോണോആക്ടും നടന്ന വേദികളില്‍ ആസ്വദകര്‍ക്ക് ഒട്ടും കുറവുണ്ടായില്ല. അഭിനയസാധ്യതയും ആക്ഷേപഹാസ്യവും ആവോളമുണ്ടായിരുന്ന ഏകാഭിനയവേദി അക്ഷരാര്‍ഥത്തില്‍ ആസ്വാദക നിബിഡമായിരുന്നു. മേളയുടെ നാലാംദിനമായ ഇന്ന് ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറിയിലെ വേദി രണ്ടില്‍ മാപ്പിളപ്പാട്ട് ശീലുകളുയരും. പ്രധാനവേദിയില്‍ ഭരതനാട്യവും ബി.ഇ.എം.പി ഹൈസ്‌കൂളിലെ പ്രധാനവേദിയില്‍ തിരുവാതിരയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."